രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Jaihind News Bureau
Saturday, December 6, 2025

പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. രാഹുല്‍ നിരപരാധിയാണെന്നും ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. പരാതിക്കാരിയുമായുള്ള ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നു എന്നും, പരാതിക്കാരി സ്വന്തം തീരുമാനപ്രകാരമാണ് ഗര്‍ഭഛേദനം നടത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

കൂടാതെ, പരാതി നല്‍കിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നും കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട് എന്നും രാഹുല്‍ ആരോപിക്കുന്നു. എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയ്യാറാണെന്നും അതിനാല്‍ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും രാഹുല്‍ വാദിക്കുന്നു. തെളിവുകള്‍ ഹാജരാക്കാന്‍ സമയം വേണമെന്നും, രേഖകള്‍ ലഭ്യമാക്കിയിട്ടില്ലെന്നും, തന്റെ വാദങ്ങള്‍ സാധൂകരിക്കാനായില്ലെങ്കില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ, പരാതിക്കാരിയെ അപമാനിച്ചെന്ന പരാതിയില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജിയിലും ഇന്ന് വാദം തുടരും. ജയിലില്‍ നിരാഹാര സമരം നടത്തിയിരുന്നതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായ രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി ജയിലിലേക്ക് തിരികെ കൊണ്ടുപോകാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്യുകയായിരുന്നു.