റെയില്‍വേ യാത്രക്കാര്‍ക്ക് ആശ്വാസം: വയോധികര്‍ക്കും 45 കഴിഞ്ഞ സ്ത്രീകള്‍ക്കും ഇനി ലോവര്‍ ബെര്‍ത്ത് ഉറപ്പ്

Jaihind News Bureau
Friday, December 5, 2025

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ വയോധികര്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും ആശ്വാസകരമായ നിര്‍ണായക തീരുമാനം നടപ്പാക്കിത്തുടങ്ങിയതായി റെയില്‍വേ. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കില്‍ പോലും 45 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്കും എല്ലാ വയോധികര്‍ക്കും ഇനി ലോവര്‍ ബെര്‍ത്തിന് മുന്‍ഗണന ലഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി സ്ഥിരീകരിച്ചു.

നേരത്തെ പ്രഖ്യാപിച്ചിരുന്ന ഈ തീരുമാനം നിലവില്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ഓരോ ക്ലാസിലും പ്രത്യേകമായി ലോവര്‍ ബെര്‍ത്തുകള്‍ ഇവര്‍ക്കായി നീക്കിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ലീപ്പര്‍ ക്ലാസ്സുകളില്‍ ഏഴുവരെ ബര്‍ത്തുകളും, തേര്‍ഡ് എസിയില്‍ അഞ്ചുവരെ ബര്‍ത്തുകളും, സെക്കന്‍ഡ് എസിയില്‍ നാലു ബര്‍ത്തുകളും നിര്‍ബന്ധമായും ഈ വിഭാഗക്കാര്‍ക്ക് നല്‍കാനാണ് റെയില്‍വേ സോണുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതുപോലെ, ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വന്ദേഭാരത് ട്രെയിനുകളിലും മാറ്റങ്ങള്‍ വരുത്തും. വന്ദേഭാരത് കോച്ചുകളില്‍ ആദ്യത്തെയും അവസാനത്തെയും കോച്ചുകളില്‍ വീല്‍ചെയര്‍ സൗകര്യം ഒരുക്കും. കൂടാതെ, ഭിന്നശേഷി സൗഹൃദമായ ശുചിമുറി സൗകര്യവും എല്ലാ കോച്ചുകളിലും ലഭ്യമാക്കുമെന്ന് മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. റെയില്‍വേയുടെ ഈ നടപടി ദീര്‍ഘദൂര യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും വലിയ ആശ്വാസമാകും.