
ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക, തന്ത്രപരമായ പങ്കാളിത്തം പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനം. ന്യൂഡല്‍ഹിയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ചേര്‍ന്ന് 2030-ലേക്കുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതി (Vision 2030) പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഢമാക്കുന്നതാണ് സംയുക്ത പ്രഖ്യാപനം.
കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം റെക്കോര്‍ഡ് വേഗത്തില്‍ വളര്‍ന്ന് 64 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2030-ഓടെ ഇത് 100 ബില്യണ്‍ ഡോളറിലേക്ക് (ഏകദേശം 8.4 ലക്ഷം കോടി രൂപ) ഉയര്‍ത്താനാണ് ഇരുനേതാക്കളും ലക്ഷ്യമിടുന്നത്. വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി അഞ്ചുവര്‍ഷത്തെ പ്രത്യേക റോഡ്മാപ്പിന് രൂപം നല്കി.
റഷ്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി 30 ദിവസത്തെ സൗജന്യ ഇ-വിസ സൗകര്യം ഏര്‍പ്പെടുത്തും. ഗ്രൂപ്പ് ടൂറിസ്റ്റ് വിസകളും സൗജന്യമായി 30 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഉക്രൈന് യുദ്ധം ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു. ആഗോള സ്ഥിരതയ്ക്ക് സമാധാനം അനിവാര്യമാണ്. ഇന്ത്യ നിഷ്പക്ഷമല്ലെന്നും എന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും അദ്ദേഹം പുടിനെ അറിയിച്ചു. ഊര്‍ജ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇരുനേതാക്കളും ധാരണയായി . ഇന്ത്യയിലേക്കുള്ള ഊര്‍ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് പുടിന് ഉറപ്പ് നല്കി. കൂടാതെ, ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് റഷ്യയില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള മൊബിലിറ്റി കരാറിനും രൂപം നല്‍കും. ആരോഗ്യം, ബഹിരാകാശ ഗവേഷണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കപ്പല്‍ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലും സഹകരണം വര്‍ദ്ധിപ്പിക്കും. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ക്കിടയിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുന്നുവെന്നതിന്റെ തെളിവാണ് ഈ സന്ദര്‍ശനവും പുതിയ കരാറുകളുമെന്ന് വിലയിരുത്തപ്പെടുന്നു.