
സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന്റെ നെടുംതൂണായ പോലീസ് സേനക്കുള്ളില്‍ നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടിന്റെയും ഭരണപരമായ കെടുകാര്യസ്ഥതയുടെയും ഏറ്റവും ഒടുവിലത്തെ തെളിവാണ്. വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരായ പീഡനാരോപണവും തുടര്‍ന്നുള്ള സസ്പെന്‍ഷനും ഒറ്റപ്പെട്ട സംഭവമല്ല; അത് ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുന്ന അപകടകരമായ ഒരു പ്രവണതയുടെ ആഴം വെളിവാക്കുന്നതാണ്.
പോലീസ് സ്റ്റേഷനുകള്‍ സാധാരണ പൗരന് സുരക്ഷിത താവളമായിരിക്കണം. എന്നാല്‍, നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് തന്നെ, അനാശാസ്യ കേസില്‍ കസ്റ്റഡിയിലെടുത്ത യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്ന കണ്ടെത്തല്‍ നമ്മുടെ ആഭ്യന്തര വകുപ്പ് എത്രത്തോളം ജീര്‍ണിച്ചിരിക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണ്. ഒരു ഡിവൈഎസ്പി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഗുരുതരമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടു എന്നത് ഈ ഭരണകൂടത്തിന്റെ കീഴില്‍ പോലീസ് എത്രത്തോളം അഴിഞ്ഞാടുന്നു എന്നതിലോക്കാണ് വിരല്‍ചൂണ്ടുന്നത്.
അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉടന്‍ ഡിവൈഎസ്പി ഉമേഷ് ‘ഇസിജിയില്‍ വ്യതിയാനം’ എന്ന പേരില്‍ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചത് യാദൃച്ഛികമല്ല. ഉന്നത പോലീസുദ്യോഗസ്ഥര്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുമ്പോള്‍, നിയമനടപടികളില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം നേടാന്‍ പതിവായി ഉപയോഗിക്കുന്ന ഒരു ‘ഒളിച്ചോട്ട തന്ത്രം’ മാത്രമാണിത്. ഭരണത്തിന്റെ തണലില്‍ ഇത്തരം ‘മെഡിക്കല്‍ അവധി’ നാടകങ്ങള്‍ അരങ്ങേറുമ്പോള്‍, നീതിക്കുവേണ്ടി വാദിക്കുന്ന സാധാരണക്കാരന് ആഭ്യന്തര വകുപ്പിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ഭരണകൂടം മനഃപൂര്‍വം അവസരം നല്കുന്നു എന്ന സംശയം ബലപ്പെടുന്നു.
ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഈ ഡിവൈഎസ്പിക്കെതിരെയുള്ള പീഡന ആരോപണം ഉണ്ടായിരുന്നു എന്നത് കേസിന്റെ ഗൗരവം എത്രയോ വര്‍ദ്ധിപ്പിക്കുന്നു. ഒരു സഹപ്രവര്ത്തകന് നീതി നിഷേധത്തിനെതിരെ സ്വന്തം ജീവന് ബലി നല്‍കിയിട്ടും, ആഭ്യന്തര വകുപ്പ് ഇതിനെ ഗൗരവമായി എടുക്കാന്‍ വൈകിയത് എന്തുകൊണ്ട്? സിഐയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദം കൊണ്ടാണ് നടപടി എടുത്തതെങ്കില്‍, ഈ സര്‍ക്കാര്‍ പോലീസിലെ നിയമലംഘനങ്ങളെ മനഃപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാണോ?
യുവതിയുടെ മൊഴി പ്രകാരം ഡിവൈഎസ്പി കൈക്കൂലി വാങ്ങിയെന്ന ആരോപണവും അതീവ ഗൗരവതരമാണ്. നിയമപരമായ നടപടികള്‍ ഒഴിവാക്കി പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങി കേസുകള്‍ അട്ടിമറിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശൃംഖല സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം.
സര്‍ക്കാര്‍ ആഭ്യന്തര വകുപ്പിന്റെ കാര്യത്തില്‍ പൂര്‍ണ്ണ പരാജയമാണ്. പോലീസിലെ കറുത്ത ശക്തികള്‍ക്ക് ഭരണപരമായ ഒത്താശ നല്കുന്ന സമീപനം അവസാനിപ്പിച്ചില്ലെങ്കില്‍, കേരളത്തിന്റെ ക്രമസമാധാന നില പൂര്‍ണ്ണമായും തകരും. മുഖ്യമന്ത്രി ഉടന്‍ ഇടപെട്ട് ഈ വകുപ്പിന്റെ തലപ്പത്തുള്ള നിസ്സംഗത അവസാനിപ്പിക്കുകയും, പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ ഉരുക്കുമുഷ്ടി ഉപയോഗിക്കുകയും വേണം. അല്ലാത്തപക്ഷം, ആഭ്യന്തര വകുപ്പിന്റെ തകര്‍ച്ച ഈ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകും.