ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി വരുന്നത് സിപിഎമ്മിനെ സംരക്ഷിക്കാനോ?; രേഖകള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Jaihind News Bureau
Friday, December 5, 2025

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതിന് എതിര്‍വാദം അവതരിപ്പിക്കാനുള്ള സമയം പ്രത്യേക അന്വേഷണം സംഘം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇ.ഡിയുടെ അപേക്ഷയും എസ്.ഐടിയുടെ എതിര്‍വാദവും ഈ മാസം 10 ന് കോടതി പരിഗണിക്കും. കേസിലെ എഫ്.ഐ.ആറും അനുബന്ധരേഖകളും ലഭിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ആദ്യം ഹൈക്കോടതിയെ സമീപിച്ചെങ്കിലും, തുടര്‍ന്ന് വിജിലന്‍സ് കോടതിയെ സമീപിക്കണം എന്നതായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

അതിനിടെ, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജുവിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബൈജുവിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. നേരത്തെ ജാമ്യാപേക്ഷ കോടതി തള്ളിയ ബൈജു ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം തേടിയിരിക്കുകയാണ്. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യഹര്‍ജികള്‍ ഡിസംബര്‍ 11-ലേക്ക് വിശദമായ വാദം കേള്‍ക്കുന്നതിനായി ഹൈക്കോടതി മാറ്റി വെച്ചു. ശബരിമല സ്വര്‍ണക്കെള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് മുരാരി ബാബു പ്രതിയാകുന്നത്. രണ്ട് കേസുകളിലും കസ്റ്റഡി കാലാവധി തീര്‍ന്നതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രവേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് കേസുകളിലും ജാമ്യം തേടി മുരാരി ബാബു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.