ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തിന് ‘മൂക്കുകയറിട്ട്’ സര്‍ക്കാര്‍; ഉന്നതര്‍ക്കെതിരായ മൊഴിയില്‍ മെല്ലെപ്പോക്കെന്ന് പ്രതിപക്ഷം

Jaihind News Bureau
Friday, December 5, 2025

 

ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷണ സംഘത്തിന് മൂക്കുകയറിട്ട് സര്‍ക്കാര്‍. അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, മുന്‍ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മൊഴി നല്‍കിയതോടെയാണ് അന്വേഷണം മെല്ലെ പോക്കിലായത്. എസ്സ് ഐ ടി ക്ക് മേലെ ശക്തമായ സമ്മര്‍ദ്ദമാണുള്ളതെന്നും ശബരിമല കൊള്ളയ്ക്ക് ഇടതുപക്ഷം കുട്ടുനില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

ശബരിമലയില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ .പത്മകുമാര്‍ സിപിഎമ്മിലെയും സര്‍ക്കാരിലെയും ഉന്നതരെ പ്രതിക്കൂട്ടിലാക്കുന്ന മൊഴി നല്‍കിയതോടെയാണ് അന്വേഷണത്തില്‍ മെല്ലെ പോക്കുണ്ടായത്. കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരിലേക്കെത്തുന്ന അന്വേഷണം തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പായത്തോടെയാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തിന് കടിഞ്ഞാണിട്ട് തുടങ്ങിയത്.

ശബരിമലയിലെ സ്വര്‍ണ്ണകൊള്ളയില്‍ ഹൈക്കോടതി ഇന്നലെ നടത്തിയ പരാമര്‍ശങ്ങള്‍ ഗുരുതരമെന്നും എസ്‌ഐടിക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സംസ്ഥാനം കണ്ട ഏറ്റവും വലിയ പുരാവസ്തു മോഷണമാണ് ശബരിമലയിലേതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. സ്വര്‍ണ്ണക്കൊള്ളയില്‍ ജയിലിലായ നേതാക്കള്‍ക്ക് പോലും സിപിഎം സംരക്ഷണം ഒരുക്കകയാണന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നീണ്ട നിരയാണ് ജയിലിലേക്ക് പോകാന്‍ ക്യൂ നില്‍ക്കുന്നതെന്നും അവരെ കൂടി ജയിലില്‍ എത്തിക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. മറ്റ് വിവാദങ്ങള്‍ ഉയര്‍ത്തി ശബരിമല സ്വര്‍ണ്ണ കൊള്ളയെ മറക്കുവാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രങ്ങളെ തുറന്നുകാട്ടി പ്രചരണം ശക്തമാക്കുകയാണ് യുഡിഎഫ്.