ഇന്ത്യ-റഷ്യ സൗഹൃദം ഇരട്ട താരകം പോലെയെന്ന് പ്രധാനമന്ത്രി; മോദി അടുത്ത സുഹൃത്തെന്ന് പുടിന്‍; 8 കരാറുകളില്‍ ഒപ്പ് വച്ച് ഇരു രാജ്യങ്ങളും

Jaihind News Bureau
Friday, December 5, 2025

ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദ് ഹൗസില്‍ നടന്ന വാര്‍ഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചര്‍ച്ചയ്ക്കും ശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഇരട്ട താരകം പോലെ നിലനില്‍ക്കുന്ന ഈ സൗഹൃദം ശക്തിപ്പെടുത്തുന്നതില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിഡര്‍ പുടിന്‍ നല്‍കിയ സംഭാവന വളരെ വലുതാണെന്നും മോദി പ്രശംസിച്ചു. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം തീര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ സ്വാഗതം ചെയ്യുന്നതായും സമാധാന ശ്രമങ്ങള്‍ക്ക് എല്ലാ സഹകരണവും നല്‍കാന്‍ രാജ്യം സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. ഭീകരവാദത്തെ ഇരു രാജ്യങ്ങളും ഒരുമിച്ച് നേരിടുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

തൊഴില്‍, കുടിയേറ്റം, ആരോഗ്യം, ഷിപ്പിങ് തുടങ്ങിയ മേഖലകളിലായി ആകെ എട്ട് കരാറുകളിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചത്. കൂടാതെ, 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായി. റഷ്യയില്‍ നിന്ന് കൂടുതല്‍ രാസവളം വാങ്ങുന്നതിനും, സംയുക്തമായി യൂറിയ ഉല്‍പ്പാദിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും ധാരണയിലെത്തി. സ്വതന്ത്ര വ്യാപാര കരാറിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സൈനികേതര ആണവോര്‍ജ്ജ രംഗത്ത് സഹകരണം വര്‍ദ്ധിപ്പിക്കാനും ഉച്ചകോടിയില്‍ തീരുമാനമെടുത്തു.

നരേന്ദ്ര മോദിയെ ‘അടുത്ത സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ പ്രസംഗം. ഇന്ത്യയില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞ പുടിന്‍, ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നും വ്യക്തമാക്കി. സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ കരാറുകള്‍ ഒപ്പിട്ടതായി അദ്ദേഹം അറിയിച്ചു. കൂടംകുളം ആണവോര്‍ജ്ജ നിലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കും. ലോകത്തിലെ ഏറ്റവും വലിയ ആണവോര്‍ജ്ജ നിലയങ്ങളിലൊന്നാണിത്. കൂടാതെ ചെറു ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിലും സഹകരണം ശക്തമാക്കും. സാംസ്‌കാരിക സഹകരണത്തിന്റെ ഭാഗമായി ഒരു റഷ്യന്‍ ടി.വി. ചാനല്‍ ഇന്ന് മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പുടിന്‍ അറിയിച്ചു.