അന്ന് കടക്ക് പുറത്ത്; ഇന്ന് മാധ്യമങ്ങളെ മാടിവിളിക്കുന്നു

Jaihind News Bureau
Friday, December 5, 2025

മാധ്യമങ്ങളോട് എക്കാലവും അസഹിഷ്ണുത പുലര്‍ത്തിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ അതേ മാധ്യമങ്ങളെ മാടിവിളിക്കുകയാണ്.. സംസ്ഥാനത്തെ പ്രസ് ക്ലബ്ബുകളെ മുഖ്യമന്ത്രിയുടെ ഓഫീസ് മുഖാന്തരം ബന്ധപ്പെടുകയാണ്. എല്ലാ പ്രസ് ക്ലബ്ബുകളിലും മുഖ്യമന്ത്രിയുടെ മീറ്റ് ദ പ്രസ് സംഘടിപ്പിക്കണമെന്നാണ് ആവശ്യം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പി ആര്‍ വര്‍ക്കെന്നാണ് ഉയരുന്ന ആക്ഷേപം.

മുഖ്യമന്ത്രി പിണറായി വിജയന്റെ, കടക്ക് പുറത്ത് എന്ന പ്രയോഗം കാണാത്ത മലയാളികള്‍ ഉണ്ടാകില്ല. മാധ്യമങ്ങളോടുള്ള അസഹിഷ്ണുത അവിടെയും തീര്‍ന്നില്ല. കൊവിഡ് കാലത്ത് നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ തനിക്ക് അസഹിഷ്ണുത ഉണ്ടാക്കിയ ചോദ്യങ്ങളോട്, മാധ്യമപ്രവര്‍ത്തകരോട് പിണറായി വിജയന്റെ നിലപാടും മറിച്ചായിരുന്നില്ല.

ഇക്കാലമത്രയും മാധ്യമങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ മാധ്യമങ്ങളെ മാടി വിളിക്കുകയാണ്. സംസ്ഥാനത്തെ പ്രസ് ക്ലബ്ബുകളെ മുഖ്യമന്ത്രിയുടെ ഓഫിസ് മുഖാന്തരം ബന്ധപ്പെടുകയാണ്. എല്ലാ പ്രസ് ക്ലബ്ബു കളിലും മുഖ്യമന്ത്രിയുടെ മീറ്റ് ദി പ്രസ് സംഘടിപ്പിക്കണമെന്നാണ് ആവശ്യം. പരമാവധി സര്‍ക്കാരിന്റെ പി ആര്‍ വര്‍ക്കുകള്‍ നിറയ്ക്കുക തന്നെയാണ് ലക്ഷ്യം. അതെ സമയം എറണാകുളം പ്രസ് ക്ലബ്ബില്‍ ചെറിയ ഹാളാണെന്നും കോണിപ്പടികള്‍ കയറി വരാന്‍ ബുദ്ധിമുട്ടാകുമെന്നുമുള്ള പ്രസ് ക്ലബ് ഭാരവാഹികളുടെ ആശങ്ക പോലും വക വെക്കാതെയാണ് മുഖ്യമന്ത്രി എത്തുമെന്നും പ്രസ് ക്ലബ്ബില്‍ തന്നെ മീറ്റ് ദി പ്രസ് നടത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചത്. നവ കേരള ബസിന്റെ രണ്ട് പടികള്‍ കയറാന്‍ പോലും ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച മുഖ്യമന്ത്രിയാണ് എറണാകുളം പ്രസ് ക്ലബ്ബിന്റെ ഇരുപതോളം പടികള്‍ കയറാന്‍ സന്നദ്ധനാകുന്നത്. അതെ സമയം തൃശൂര്‍ പ്രസ്‌ക്ലബില്‍ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് മുഖാമുഖത്തില്‍ പങ്കെടുക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ പേരു വിവരങ്ങള്‍ പൊലീസിന് കൈമാറണമെന്ന നിര്‍ദേശം, വിവാദമായതോടെ പിന്‍വലിച്ചു. എന്തായാലും ഒരു കാലത്ത് മാധ്യമങ്ങളെ കാണുമ്പോള്‍ അസഹിഷ്ണുത പൂണ്ട മുഖ്യമന്ത്രിയാണ് ഇപ്പോള്‍ മാധ്യമങ്ങളെ കസേരയിട്ട് വിളിക്കുന്നതെന്ന കൗതുകമുണ്ട്.