ഇരട്ടപ്പദവി വിവാദം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനെതിരെ ഹര്‍ജി

Jaihind News Bureau
Friday, December 5, 2025

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനെ ഇരട്ടപ്പദവി ചൂണ്ടിക്കാട്ടി അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹര്‍ജി. ബി. അശോക് ഐ.എ.എസ്. ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ പദവിയിലിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ഐ.എം.ജി. (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്) ഡയറക്ടര്‍ ആയിരിക്കെ ബോര്‍ഡ് പ്രസിഡന്റായതാണ് ചട്ടലംഘനമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, കെ. ജയകുമാറിന്റെ ഐ.എം.ജി. ഡയറക്ടര്‍ നിയമനവും ചട്ടലംഘനമാണെന്ന് ബി. അശോക് ഐ.എ.എസ്. ആരോപിച്ചു. ഐ.എം.ജി. പദവി ഒഴിഞ്ഞ ശേഷമേ ബോര്‍ഡ് ചുമതല ഏറ്റെടുക്കാന്‍ പാടുള്ളായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ഇരട്ടപ്പദവി ആരോപണത്തില്‍ കഴമ്പില്ലെന്നും ബോര്‍ഡ് പ്രസിഡന്റായതില്‍ ചട്ടലംഘനം ഇല്ലെന്നും കെ. ജയകുമാര്‍ വ്യക്തമാക്കി. താന്‍ രണ്ടിടത്തും ആനുകൂല്യം പറ്റുന്നില്ല. ഐ.എം.ജി. ഡയറക്ടര്‍ പദവിയില്‍ തുടരുന്നത് പകരക്കാരന്‍ നിയമിക്കപ്പെടുന്നതുവരെ മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ഐ.എം.ജി. ഡയറക്ടര്‍ ചുമതല ഒഴിയാന്‍ തയ്യാറാണെന്ന് അറിയിച്ച ജയകുമാര്‍, ഒരേ സമയം രണ്ട് പ്രതിഫലം പറ്റുന്നില്ലെന്ന കാര്യം കോടതിയെ ബോധിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.