മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; ശബരിമല സ്വര്‍ണ്ണക്കൊള്ള, മസാല ബോണ്ട്…മൗനം വെടിയുമോ?

Jaihind News Bureau
Friday, December 5, 2025

ശബരിമല സ്വര്‍ണ്ണക്കൊള്ള, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്, കിഫ്ബി മസാല ബോണ്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നല്‍കിയ നോട്ടീസ് തുടങ്ങിയ നിരവധി വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി മുഖ്യമന്ത്രി മുഖാമുഖം നടത്തുന്നത്. ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം പ്രസ് ക്ലബ്ബിലാണ് ‘മീറ്റ് ദ പ്രസ്’ പരിപാടി. വരും ദിവസങ്ങളില്‍ തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും സംവാദ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. തൃശ്ശൂരിലെ പരിപാടി നാളെയാണ് നടക്കുക.

ഏറ്റവും പുതിയ വിവാദങ്ങളായ ശബരിമല സ്വര്‍ണ്ണക്കൊള്ളയിലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലും മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകുമോ എന്ന ആകാംഷയിലാണ് മാധ്യമങ്ങളും പൊതുസമൂഹവും. രാഹുലിനെതിരായ ആദ്യത്തെ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ലഭിച്ചതും, തുടര്‍ന്ന് അത് പോലീസിന് കൈമാറുകയും ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയുമായിരുന്നു. കിഫ്ബി മസാല ബോണ്ടില്‍ ഇ.ഡി. മറുപടി തേടിയ നോട്ടീസിലും മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എ. പത്മകുമാറും എന്‍. വാസവുമടക്കം അറസ്റ്റിലായ സാഹചര്യത്തില്‍, പത്മകുമാറിനെതിരെ പാര്‍ട്ടി തലത്തില്‍ നടപടിയുണ്ടാകുമോ എന്നതിലും മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണ്ണായകമാകും.