
വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കുന്നതില്‍ നിസ്സഹായത പ്രകടിപ്പിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വിമാന സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും സാധാരണ നിലയിലാകാന്‍ ഫെബ്രുവരി 10 വരെ സമയമെടുത്തേക്കാം എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. അതുവരെ വിമാന സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് തുടരും. തല്ക്കാലം സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ജീവനക്കാരെ നിയമിക്കുന്നത് അടക്കമുള്ള നടപടികള്‍ക്ക് സമയമെടുക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാരോട് വാക്കു പാലിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്ന് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് പ്രതികരിച്ചു. ഇതിനോടകം അഞ്ഞൂറിലധികം സര്‍വീസുകളാണ് റദ്ദാക്കിയത്, കൂടാതെ വെളളിയാഴ്ചയും സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്നും കമ്പനി വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാനായി ഫ്ളൈറ്റ് ഡ്യൂട്ടി സമയപരിധിയില്‍ താല്‍ക്കാലിക ഇളവുകള്‍ അടക്കം ശുപാര്‍ശ നല്കാന് കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്‍ഡിഗോയുടെ വിമാന സര്‍വീസുകള്‍ തടസ്സപ്പെടുന്നത്. വ്യാഴാഴ്ച മാത്രം 550-ല്‍ അധികം സര്‍വീസുകളാണ് റദ്ദാക്കിയത്. കമ്പനിയുടെ 20 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം സര്‍വീസുകള്‍ ഒരുമിച്ച് റദ്ദാക്കുന്നത്. പൈലറ്റുമാരുടെ ക്ഷാമം, സാങ്കേതിക പ്രശ്നങ്ങള്‍ എന്നിവ അടക്കം നിരവധി ഘടകങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. അടുത്ത രണ്ടോ മൂന്നോ ദിവസം കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ടിവരും. പ്രതിദിനം ഏകദേശം 2300 വിമാനങ്ങള്‍ പറത്തുന്ന ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കുന്നതും സമയനിഷ്ഠ പുനഃസ്ഥാപിക്കുന്നതും എളുപ്പമുള്ള കാര്യമല്ലെന്ന് സിഇഒ ജീവനക്കാരെ അറിയിച്ചു.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഗോവ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നെല്ലാം വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. പുതിയ മാനദണ്ഡപ്രകാരം പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമ സമയം നല്‍കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ എണ്ണം അപര്യാപ്തമാണെന്ന് തിരിച്ചറിയുന്നതിലും കൃത്യമായി ആസൂത്രണം നടത്തുന്നതിലും തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ഇന്‍ഡിഗോ സമ്മതിച്ചു. വ്യോമയാന മന്ത്രാലയവും ഡിജിസിഎയും ഇന്‍ഡിഗോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.