
എ.കെ.ജി സെന്ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പൊടിപിടിച്ചും മാറാല പിടിച്ചും കിടക്കുന്ന പരാതികള്‍ ഇനിയെങ്കിലും അന്വേഷിക്കണമെന്ന് പര്തിപക്ഷ നേതാവ് വി.ഡി സതീശന്. പരാതി വരുന്നതിന് മുന്‍പ് തന്നെ സസ്പെന്‍ഡ് ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം ഏകകണ്ഠമായി തീരുമാനിച്ചു. രണ്ടാമതൊരു പരാതി കെ.പി.സി.സി പ്രസിഡന്റിന് കിട്ടിയപ്പോള്‍ തന്നെ മുഴുവന്‍ നേതാക്കളും ചേര്‍ന്ന് ഏകകണ്ഠമായി പുറത്താക്കാന്‍ തീരുമാനിച്ചു. ആ തീരുമാനം ഇന്ന് പ്രഖ്യാപിച്ചു എന്നു മാത്രമെയുള്ളൂ. അത് ഇന്നലെ പ്രഖ്യാപിച്ചോ ഇന്ന് പ്രഖ്യാപിച്ചോ എന്നതില്‍ പ്രസക്തിയില്ല. എന്റെ പാര്‍ട്ടിയെ കുറിച്ച് എനിക്ക് അഭിമാനമുണ്ട്. ഇത്രയും ഗൗരവമുള്ള കേസ് വന്നപ്പോള്‍ തന്നെ ആരോപണവിധേയന് കുടപിടിച്ചു കൊടുക്കാനോ അയാളെ രക്ഷപ്പെടുത്താനോ ശ്രമിക്കാതെ, പരാതി പൊലീസിന് കൈമാറി. എ.കെ.ജി സെന്ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പൊടിപിടിച്ചും മാറാല പിടിച്ചും നിരവധി പരാതികളുണ്ട്. കോണ്‍ഗ്രസിന്റെ നടപടി മാതൃകയാക്കി മാറാലപിടിച്ചു കിടക്കുന്ന പരാതികള്‍ ഇനിയെങ്കിലും പൊലീസിന് കൈമാറിയാല്‍ നന്നായിരിക്കും. തങ്ങളെ ഉപദേശിക്കാന്‍ വേണ്ടി നടക്കുന്നവരോടുള്ള അഭ്യര്‍ത്ഥനയാണെന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ പോലും പരാതി കിട്ടിയിട്ടില്ല. ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ഇപ്പോഴാണ് ആദ്യമായി ഒരു പരാതി കിട്ടിയത്. അത് പൊലീസിന് കൈമാറി. പൊലീസ് എഫ്.ഐ.ആര് ഇട്ടപ്പോള്‍ ആരോപണവിധേയനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
പാര്‍ട്ടിക്ക് പുറത്തായ ആള് രാജി വയ്ക്കുകയോ വയ്ക്കാതിരിക്കുകയോ ചെയ്യുന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. രാജ്യത്തോ സംസ്ഥാനത്തോ ഒരു പാര്‍ട്ടിയും ഇതുപോലൊരു തീരുമാനം എടുത്തിട്ടില്ല. ആ തീരുമാനത്തെ ചില മാധ്യമങ്ങള്‍ സൈഡ്ലൈന് ചെയത് സാങ്കേതികത്വത്തെ കുറിച്ച് പറയുകയാണ്. ഈ സാങ്കേതികത്വമൊന്നും റേപ്പ് കേസിലെ പ്രതി സി.പി.എമ്മില്‍ എം.എല്‍.എ ആയി ഇരിക്കുമ്പോള്‍ അവിടെ പോയി ആരും ചോദിച്ചില്ലല്ലോ. ഞാന്‍ മറുപടി പറയാതിരിക്കാന്‍ കാട്ടുന്ന ഈ ചോദ്യം ആരെങ്കിലും മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ടോ. റേപ്പ് കേസിലെ പ്രതിയാണ് അവിടെ എം.എല്‍.എ ആയി ഇരിക്കുന്നത്. അതൊന്ന് ചോദിക്ക്. എത്ര കേസുകളില്‍ പ്രതികളായിട്ടുള്ള ആളുകളെയാണ് പാര്‍ട്ടി കോടതി തീരുമാനിച്ച് പാര്‍ട്ടിക്കുള്ളില്‍ നടപടി എടുത്തത്. ആലപ്പുഴയില്‍ സ്ത്രീകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയവരെ ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്ത്ഥികളാക്കിയിട്ടുണ്ടല്ലോ. ഇതൊക്കെ ഇനി പിണറായി വിജയനോട് ചോദിക്കണം. കോണ്‍ഗ്രസ് ഇങ്ങനെയൊന്നും തീരുമാനിക്കുമെന്ന് സി.പി.എം പ്രതീക്ഷിച്ചില്ല. അവര്‍ ആഗ്രഹിച്ചത് തിരഞ്ഞെടുപ്പ് അവസാനിക്കുന്നതു വരെ ഇത് ലൈവാക്കി ശബരിമലയിലെ സ്വര്‍ണക്കൊള്ളയും സര്‍ക്കാരിനെതിരായ ജനങ്ങളുടെ അതിശക്തമായ വികാരത്തെയും ഇല്ലാതാക്കാനാണ് ശ്രമിച്ചത്. രാവിലെ പരാതി കിട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് തലേ ദിവസമെ അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനും പൊലീസിനും ഇയാളെ അറസ്റ്റു ചെയ്യണമായിരുന്നെങ്കില്‍ ഒരു പൊലീസുകാരന് വിചാരിച്ചാല്‍ മതിയായിരുന്നു. അറസ്റ്റ് ചെയ്യണമെന്നോ കേസെടുക്കണമെന്നോ അല്ലായിരുന്നു അവരുടെ താല്പര്യം. തിരഞ്ഞെടുപ്പ് വരെ ഈ വിഷയം ലൈവാക്കി നിര്‍ത്തണമെന്ന ആഗ്രഹം മാത്രമായിരുന്നു സര്‍ക്കാരിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാതൃകയായ തീരുമാനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. അഭിമാനത്തോടെയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. സി.പി.എമ്മിന് പണ്ട് മുതല്‍ക്കെ കിട്ടിയ പരാതികള്‍ പൊലീസിന് കൈമാറി പൊലീസിനെക്കൊണ്ട് നടപടി എടുപ്പിക്കാന്‍ നിങ്ങള്‍ തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.