രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; അറസ്റ്റിന് തടസമില്ലെന്ന് കോടതി

Jaihind News Bureau
Thursday, December 4, 2025

 

ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി. അറസ്റ്റ് തടയണമെന്ന രാഹുലിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിര്‍ണ്ണായക വാദം കേള്‍ക്കുന്നതിനായി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു. രാഹുലിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം അടച്ചിട്ട കോടതി മുറിയില്‍ ഒന്നര മണിക്കൂറോളം വാദം നടന്നിരുന്നു.

തുടര്‍ന്ന്, കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയം ആവശ്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, തുടര്‍വാദത്തിന് മുന്നോടിയായി പ്രോസിക്യൂഷന്‍ രാഹുലിനെതിരേ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചു. യുവതിയുമായുള്ള ചാറ്റിന്റെ പൂര്‍ണ്ണരൂപം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.