പത്മകുമാറിന് വീണ്ടും കുരുക്ക് മുറുകുന്നു; ദ്വാരപാലക പാളി കേസുകളിലും പ്രതി

Jaihind News Bureau
Thursday, December 4, 2025

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. സ്വര്‍ണക്കൊള്ളയ്ക്ക് പുറമെ ദ്വാരപാലക ശില്‍പ്പി കേസുകളിലും പത്മകുമാറിനെ പ്രതി ചേര്‍ത്തു.

റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പത്മകുമാറിന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് നീട്ടി. റിമാന്‍ഡ് നീട്ടുന്ന ദിവസമാണ് 2019-ല്‍ നടന്ന ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളി കടത്തിക്കൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ച കേസിലും പത്മകുമാറിനെ പ്രതിചേര്‍ത്തുകൊണ്ടുള്ള നിര്‍ണായക റിപ്പോര്‍ട്ട് എസ്.ഐ.ടി. കോടതിക്ക് കൈമാറിയത്.

ശനിയാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് നീട്ടിയിട്ടുണ്ട്. രണ്ടാമത്തെ കേസിലും പ്രതി ചേര്‍ത്ത സാഹചര്യത്തില്‍, ഈ കേസ് കൂടി ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ സാധ്യതയുണ്ട്. പുതിയ കേസില്‍ കൂടി പ്രതിയായതോടെ, ജാമ്യഹര്‍ജിയിലെ വാദങ്ങളില്‍ പത്മകുമാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.

പത്മകുമാര്‍ ജാമ്യഹര്‍ജിയില്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ദേവസ്വം ബോര്‍ഡില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് അംഗങ്ങളെയും പ്രതിക്കൂട്ടിലാക്കുന്നതാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ കൈമാറിയത് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും കൂട്ടായെടുത്ത തീരുമാനമാണെന്നും, മിനുട്‌സില്‍ ‘ചെമ്പ്’ എന്ന് എഴുതിയത് ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണെന്നും അദ്ദേഹം വാദിക്കുന്നു. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ അമര്‍ഷവും വേട്ടയാടലുമാണ് ജാമ്യഹര്‍ജിയില്‍ പത്മകുമാര്‍ ചൂണ്ടിക്കാട്ടുന്നത്. വീഴ്ച പറ്റിയെങ്കില്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മറ്റ് മുന്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടു. കേസിലെ ആറാം പ്രതിയായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. സ്വര്‍ണപ്പാളികള്‍ പോറ്റിക്ക് കൈമാറാനുള്ള ഉത്തരവില്‍ ശ്രീകുമാറാണ് ഒപ്പിട്ടത്. ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണെന്ന അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിച്ചു. കൂടാതെ, മുന്‍ ദേവസ്വം സെക്രട്ടറിയായിരുന്ന ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. ഇതോടെ, അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് നീളുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.