ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ച: തിരുവനന്തപുരത്ത് സര്‍ക്കാര്‍ തിയറ്ററുകളില്‍ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍; സ്വകാര്യത അപകടത്തില്‍

Jaihind News Bureau
Thursday, December 4, 2025

തിരുവനന്തപുരം: സുരക്ഷാ സംവിധാനങ്ങളിലെ അതീവ ഗുരുതരമായ വീഴ്ചയുടെ ഞെട്ടിക്കുന്ന ഉദാഹരണമാണ് തിരുവനന്തപുരത്ത് നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ (കെ.എസ്.എഫ്.ഡി.സി.) ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ, നിള തിയറ്ററുകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ട് അശ്ലീല സൈറ്റുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ഗുജറാത്തിലെ രാജ്കോട്ടില്‍ പ്രസവ വാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നപ്പോള്‍ നല്‍കിയ ജാഗ്രതാ നിര്‍ദ്ദേശം അവഗണിക്കപ്പെട്ടതിന്റെ ആവര്‍ത്തനമാണിത്. അന്ന് ആശുപത്രിയായിരുന്നെങ്കില്‍ ഇന്ന് തിയേറ്ററുകളായി എന്നു മാത്രം.

സി.സി.ടി.വി. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന ക്ലൗഡില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുള്ളതെന്ന് സൈബര്‍ പൊലീസ് അറിയിച്ചു. സി.സി.ടി.വി.യുടെ യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഹാക്ക് ചെയ്താണ് ദൃശ്യങ്ങള്‍ എടുത്തിട്ടുള്ളത്. ‘admin123’, ‘password’ പോലുള്ള അതീവ ദുര്‍ബലമായ പാസ്വേഡുകള്‍ നല്‍കി സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി.കള്‍ ഹാക്കര്‍മാര്‍ക്ക് അനായാസം തുറക്കാവുന്ന വാതിലുകളായി മാറുന്നു. ഇത്തരത്തില്‍ ഹാക്ക് ചെയ്ത ദൃശ്യങ്ങള്‍ വില്‍ക്കുന്ന സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.

തിയറ്ററുകളില്‍ സിനിമ കാണാനെത്തിയ സ്ത്രീകളുടെയും പുരുഷന്മാരുടെയും ദൃശ്യങ്ങള്‍, തിയറ്ററുകളുടെ പേരുകള്‍ സഹിതമാണ് എക്സിലും അശ്ലീല സൈറ്റുകളിലും എത്തിയത്. സീറ്റുകള്‍ ഉള്‍പ്പെടെ വ്യക്തമാകുന്ന ദൃശ്യങ്ങള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ പണം വാങ്ങി വില്‍പന നടത്തുന്നുണ്ട്. ചിലര്‍ ദൃശ്യങ്ങള്‍ക്കായി പണം അടച്ചതിന്റെ സ്‌ക്രീന്‍ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. അതേസമയം, കൈരളി, ശ്രീ, നിള തിയറ്ററുകളില്‍ സി.സി.ടി.വി. സ്ഥാപിച്ചത് കെല്‍ട്രോണ്‍ ആണെന്നും, ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ സാധ്യതയില്ലെന്നുമാണ് കെ.എസ്.എഫ്.ഡി.സി. പ്രതികരിക്കുന്നത്.

രാജ്കോട്ട് സംഭവം ഒരു വലിയ പാഠമായിരുന്നു. അവിടെ ദൃശ്യങ്ങള്‍ ചോരാന്‍ കാരണം ‘admin123’ എന്ന അതീവ ദുര്‍ബലമായ പാസ്വേഡ് ആയിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുരക്ഷിതമായ പാസ്വേഡ് നല്‍കാതെ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങള്‍ ഹാക്കര്‍മാര്‍ക്ക് തുറന്നുകൊടുക്കുന്നതിന് തുല്യമാണ്. ഈ പാഠം പഠിക്കാത്തതാണ് ഇപ്പോള്‍ തിയേറ്ററുകളിലെ സുരക്ഷാ വീഴ്ചയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍. ഇനിയെങ്കിലും ജാഗ്രത പാലിച്ചില്ലെങ്കില്‍, അടുത്ത ഇര നിങ്ങളാകാം എന്ന മുന്നറിയിപ്പ് സൈബര്‍ വിദഗ്ദ്ധര്‍ നല്‍കുന്നു.

ഈ പശ്ചാത്തലത്തില്‍, സ്വകാര്യത സംരക്ഷിക്കാന്‍ അടിയന്തരമായി ചില സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. ‘admin123’, ‘password’ തുടങ്ങിയ കമ്പനി നല്‍കുന്ന ഡിഫോള്‍ട്ട് പാസ്വേഡുകള്‍ മാറ്റി ശക്തമായ പാസ്വേഡുകള്‍ ഉടന്‍ ഉപയോഗിക്കുക, വസ്ത്രം മാറുന്ന മുറികള്‍, ബെഡ്റൂമുകള്‍ തുടങ്ങിയ സ്വകാര്യ ഇടങ്ങളില്‍ ക്യാമറകള്‍ ഒഴിവാക്കുക, അത്യാവശ്യമില്ലെങ്കില്‍ പുറത്തുനിന്ന് ദൃശ്യങ്ങള്‍ കാണാനുള്ള സൗകര്യം (Remote Access) ഓഫ് ചെയ്യുക, ഉപകരണങ്ങളുടെ സോഫ്റ്റ്വെയര്‍ (Firmware) കൃത്യമായി അപ്ഡേറ്റ് ചെയ്യുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ഈ ജാഗ്രത പാലിച്ചില്ലെങ്കില്‍, നമ്മുടെ സ്വകാര്യത വിരല്‍ത്തുമ്പില്‍ ലേലം വിളിക്കപ്പെടും.