
ന്യൂഡല്‍ഹി: 23-ാമത് ഇന്തോ-റഷ്യന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഇന്ന് (ഡിസംബര്‍ 4) ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് പുടിന് എത്തുന്നത്.
ഇന്ന് വൈകുന്നേരം ഡല്‍ഹിയില്‍ എത്തിച്ചേരുന്ന പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിയില്‍ സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കും. തുടര്‍ന്ന്, നാളെ ഹൈദരാബാദ് ഹൗസില്‍ വെച്ചായിരിക്കും ഇരു നേതാക്കളും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക. ഇതിനു പുറമെ, രാഷ്ട്രപതി ദ്രൗപതി മുര്‍മു റഷ്യന്‍ പ്രസിഡന്റിന് ഔദ്യോഗിക വിരുന്ന് നല്‍കുകയും ചെയ്യും.
സൈനിക, സാമ്പത്തിക, ഊര്‍ജ, വ്യാപാര മേഖലകളിലെ സഹകരണമാണ് ഉച്ചകോടിയിലെ പ്രധാന അജണ്ട. ഇരുരാജ്യങ്ങള്‍ക്കും നിര്‍ണ്ണായകമായ പ്രതിരോധ ബന്ധങ്ങളില്‍ S-400 എയര്‍ ഡിഫന്‍സ് സംവിധാനത്തിന്റെ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള പ്രതിരോധ ഇടപാടുകള്‍ ചര്‍ച്ചയാകും. കൂടാതെ, നിലവിലെ റഷ്യന്‍ പ്രതിരോധ പ്ലാറ്റ്ഫോമുകള്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണത്തിലെ സമയബന്ധിതത്വം ഉറപ്പാക്കാനും ഇന്ത്യ ഊന്നല്‍ നല്‍കും. ഇന്ത്യയുടെ നിലവിലെ സൈനിക സംവിധാനങ്ങളില്‍ ഭൂരിഭാഗവും റഷ്യന്‍ നിര്‍മ്മിതമാണ്.
റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരില്‍ ഒരാളാണ്. ദീര്‍ഘകാല ക്രൂഡ് ഓയില്‍ കരാറുകള്‍, ഊര്‍ജമേഖലയിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍, കൂടംകുളം ആണവനിലയത്തിന് പുറമെയുള്ള സിവിലിയന്‍ ആണവ സഹകരണം എന്നിവ ചര്‍ച്ചയില്‍ വരും. വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും ചേര്‍ന്ന് 2030 വരെയുള്ള സാമ്പത്തിക സഹകരണത്തിനുള്ള കര്‍മ്മപരിപാടിക്ക് രൂപം നല്കാന് സാധ്യതയുണ്ട്. വ്യാപാര കമ്മി കുറയ്ക്കുന്നതിനെക്കുറിച്ചും തടസ്സപ്പെട്ട പണമിടപാടുകള്‍ക്ക് പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടാകും.
ആരോഗ്യം, കൃഷി, മാധ്യമങ്ങള്‍, സംസ്കാരം, ബഹിരാകാശം, തൊഴിലാളികളുടെ കുടിയേറ്റം തുടങ്ങിയ മേഖലകളിലെ സഹകരണ കരാറുകളിലും നേതാക്കള്‍ ഒപ്പുവെക്കാന്‍ സാധ്യതയുണ്ട്. യുക്രെയ്ന് യുദ്ധത്തിനുശേഷം പുടിന് ഇന്ത്യയില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. റഷ്യ-യുക്രെയ്ന് സംഘര്‍ഷം നയതന്ത്ര ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി മോദി ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക, ആഗോള വിഷയങ്ങളിലും ഇരു നേതാക്കളും തങ്ങളുടെ കാഴ്ചപ്പാടുകള്‍ കൈമാറും.