
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. തുടര്‍ന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. പ്ത്മകുമാര്‍ നല്കിയ ജാമ്യ ഹര്‍ജി ഈ മാസം എട്ടിന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് തേടിയ കോടതി, റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ഹര്‍ജി പരിഗണിക്കുക.
സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തം ഉണ്ടെന്നും, പാളികള്‍ ‘ചെമ്പ്’ എന്ന് തിരുത്തിയത് ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണെന്നുമാണ് ജാമ്യാപേക്ഷയില്‍ പത്മകുമാര്‍ പറയുന്നത്. പത്മകുമാറിനെ ചോദ്യം ചെയ്തതിലൂടെ ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായും, ഭരണ നേതൃത്വത്തിലെ ഉന്നതര്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.