രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

Jaihind News Bureau
Thursday, December 4, 2025

തിരുവനന്തപുരം: പീഢന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വിധി പറയും. അപേക്ഷയിന്മേലുള്ള തുടര്‍വാദങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കോടതിയുടെ തീരുമാനം. രാഹുലിന്റെ ആവശ്യപ്രകാരം ഇന്നലെ കോടതിയില്‍ അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം വാദം നടന്നിരുന്നു.

കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ കോടതി അനുവദിച്ചു. ഇതനുസരിച്ച് ഇന്ന് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കും. താനും യുവതിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും, ബലാത്സംഗം ചെയ്യുകയോ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

രാഹുലിനെതിരെ പരാതി നല്‍കിയ 23 വയസുകാരിയുടെ മൊഴി അന്വേഷണസംഘം ഉടന്‍ രേഖപ്പെടുത്തും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും കേസിന്റെ തുടര്‍നടപടികളുമായി മുന്നോട്ട് പോകുക. യുവതി കെ.പി.സി.സി. പ്രസിഡന്റിന് നല്‍കിയ പരാതി ഡി.ജി.പിക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ അടുത്ത ദിവസമാണ് തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കുന്നത്.