
കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്കുപോലും ദഹിക്കാത്ത ഭരണമാണ് കേരളത്തില്‍ നിലവിലുള്ളതെന്നും, നിലവില്‍ കാണുന്നത് കമ്യൂണിസത്തിന്റെ ജീര്‍ണ്ണിച്ച മുഖമാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ആരോപിച്ചു. പി.എം. ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഒത്തുതീര്‍പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ പയ്യന്നൂരില്‍ ബ്ലോക്ക് തല സ്ഥാനാര്‍ത്ഥി സംഗമവും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍.
ദിശാബോധം നഷ്ടപ്പെട്ട ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണ മോഷണത്തില്‍ രണ്ട് സി.പി.എം. നേതാക്കള്‍ ജയിലിലാണ്. ഈ സര്‍ക്കാരിന് എതിരായ ശക്തമായ വിധിയെഴുത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പി.എം. ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടത് വലിയ വിവാദമായിരുന്നു. ഇതില്‍ ഒപ്പിടാന്‍ ദല്ലാളായി നിന്നത് എം.പി. ബ്രിട്ടാസ് ആണെന്ന് കേന്ദ്രമന്ത്രി തന്നെ പറഞ്ഞിരിക്കുകയാണ്. ലേബര്‍ കോഡിലും ഈ ഒത്തുകളിയാണ് കണ്ടത്. ലേബര്‍ കോഡില്‍ നേരത്തെ ഒപ്പിട്ടവരാണ് സി.പി.എമ്മുകാര്‍. സി.പി.എം. കേന്ദ്ര സര്‍ക്കാരുമായി സന്ധി ചെയ്ത് ഭരിക്കുകയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
സംസ്ഥാനത്തെ സാമൂഹ്യ അന്തരീക്ഷം തകര്‍ന്നിരിക്കുകയാണ്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പയ്യന്നൂരില്‍ ഉള്‍പ്പെടെ മാറ്റത്തിന്റെ കാറ്റ് വീശും. കെ.സി. വേണുഗോപാല്‍ ചടങ്ങില്‍വെച്ച് പയ്യന്നൂര്‍ നഗരസഭയിലെ യു.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു. കരിവെള്ളൂര്‍ പഞ്ചായത്തിന്റെ എല്‍.ഡി.എഫ്. ഭരണത്തിന് എതിരായ കുറ്റപത്രവും അദ്ദേഹം പുറത്തിറക്കി. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി., ഡി.സി.സി. പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ സംസാരിച്ചു.