ആവിയാകുന്ന ഇ.ഡി കേസുകള്‍; കേന്ദ്രത്തിന്റെ ‘വേട്ടയാടല്‍’ എന്ന് സിപിഎമ്മിന്‍റെ മുറവിളി; ഇങ്ങനെയും സിജെപിയുടെ അവിശുദ്ധ കൂട്ടുകെട്ട്‌

Jaihind News Bureau
Wednesday, December 3, 2025
അഴിമതിക്കെതിരെയും കള്ളപ്പണത്തിനെതിരെയും ശക്തമായ നടപടിയെടുക്കുമെന്ന് വീമ്പിളക്കുന്ന കേന്ദ്ര സർക്കാരിന്റെ ഇ.ഡി ഇന്ന് രാജ്യത്ത് ഒരു രാഷ്ട്രീയ ഉപകരണമായി അധഃപതിച്ചിരിക്കുന്നു. പ്രതിപക്ഷ പാർട്ടികളെ വരുതിയിലാക്കാനും ഭീഷണിപ്പെടുത്തി കൂടെ നിർത്താനും വേണ്ടിയുള്ള ബിജെപിയുടെ പാവയായിട്ടാണ് ഈ കേന്ദ്ര ഏജൻസി പ്രവർത്തിക്കുന്നതെന്ന ആരോപണം ദിനംപ്രതി ശക്തിപ്പെടുകയാണ്. എന്നാൽ, ഈ രാഷ്ട്രീയ വേട്ടയാടലിൽ ഇരയാക്കപ്പെടുന്നവർ പോലും ഇന്ന് വിശ്വാസ്യത നഷ്ടപ്പെട്ട പ്രതിരോധമാണ് തീർക്കുന്നത് എന്നതാണ് കൂടുതൽ പരിതാപകരം.

കേരള മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നിരന്തരം ഇ.ഡിയുടെ നോട്ടപ്പുള്ളികളാണ്. വിവിധ കേസുകളിൽ, ഏറ്റവുമൊടുവിൽ വാർത്തകളിൽ നിറഞ്ഞ മസാല ബോണ്ട് ഇടപാടിൽ ഉൾപ്പെടെ, നോട്ടീസുകൾ നൽകി മാധ്യമശ്രദ്ധ നേടുകയും, പിന്നീട് കാര്യമായ തുടരന്വേഷണമോ നിയമനടപടികളോ ഇല്ലാതെ കേസ് തണുപ്പിക്കുകയുമാണ് ഏജൻസിയുടെ പതിവ്.

തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഈ വേളയിൽ, ഈ നടപടികളെ ‘കേന്ദ്രത്തിന്റെ വേട്ടയാടൽ തുടരുന്നേ’ എന്ന് പറഞ്ഞ് രാഷ്ട്രീയമായി വളച്ചൊടിക്കാൻ സിപിഎം ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത്തവണ ഈ മുറവിളിക്ക് മുൻപത്തെ ഉശിരില്ല. കാരണം, പല വിഷയങ്ങളിലും ബിജെപിയുമായി സിപിഎം രഹസ്യ ധാരണകളുണ്ടാക്കുന്നു എന്ന പ്രതീതി ജനങ്ങൾക്കിടയിൽ ശക്തമായി കഴിഞ്ഞു. ഈ ‘ഡീൽ രാഷ്ട്രീയം’ നിലനിൽക്കുമ്പോൾ, ഇ.ഡിയുടെ നടപടികൾ വരുമ്പോൾ മാത്രം ‘വേട്ടയാടൽ’ എന്ന് വിലപിക്കുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാവുകയാണ്.

ചുരുക്കത്തിൽ, ഇ.ഡിയുടെ പക്ഷത്തുനിന്നുള്ള നടപടികൾ അതിന്റെ വിശ്വാസ്യത പൂർണ്ണമായി തകർത്തു. അഴിമതിക്കെതിരായ പോരാട്ടം എന്നത് വെറും രാഷ്ട്രീയ പ്രസ്താവനയായി മാറി. അതേസമയം, കേന്ദ്ര ഏജൻസികളെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഭരണപക്ഷ കക്ഷികളുടെ രഹസ്യ നീക്കങ്ങൾ ഈ പ്രതിരോധത്തിന് മൂർച്ച കുറയ്ക്കുന്നു. ഇ.ഡിയെ ഒരു പാവയാക്കുന്ന കേന്ദ്ര സർക്കാരും, ആ പാവയുടെ ആക്രമണത്തെ ഫലപ്രദമായി നേരിടാൻ സാധിക്കാത്ത ഭരണപക്ഷവും സൃഷ്ടിക്കുന്നത്, ചോദ്യം ചെയ്യപ്പെടാത്ത അഴിമതിക്ക് വളക്കൂറുള്ള ഒരു രാഷ്ട്രീയ സാഹചര്യമാണ്.