നമ്മള്‍ കണ്ടത് വാര്‍ത്തയോ, റേറ്റിംഗ് കൂട്ടാനുള്ള മത്സരമോ?; കേരളത്തില്‍ ചാനല്‍ യുദ്ധം അരങ്ങുവാഴുന്നു

Jaihind News Bureau
Wednesday, December 3, 2025

ടിവി ഓണാക്കിയാല്‍ സാധാരണ വാര്‍ത്തയേക്കാള്‍ വലിയ വാര്‍ത്തയായി മാറുന്നത് ചാനലുകള്‍ തമ്മിലുള്ള റേറ്റിംഗ് യുദ്ധമാണ്. പ്രേക്ഷകര്‍ ചാനലുകള്‍ റിമോട്ട് പിടിച്ചു മാറ്റുന്നതിനേക്കാള്‍ വേഗത്തില്‍ ചില ചാനലുകള്‍ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ശ്രമിക്കുന്നു. ഇവര്‍ നടത്തുന്ന കള്ളക്കളികള്‍ ആണ് ഇപ്പോള്‍ സംസാര വിഷയം.

കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം രൂക്ഷമായ ഒരു പോരിനാണ് മാധ്യമലോകം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. 24 ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയും തമ്മിലുള്ള മത്സരം ഒരു തുറന്ന യുദ്ധമായി മാറിയിരിക്കുകയാണ്. ഇരുചാനലുകളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി പരസ്പരം വാര്‍ത്തയാകുന്ന വിചിത്രമായ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ചുരുങ്ങിയ നേരം കൊണ്ട്, റേറ്റിംഗിന് വേണ്ടിയുള്ള മത്സരത്തിനപ്പുറം, കോടികളുടെ അഴിമതി ആരോപണങ്ങളിലേക്കും, പോലീസ് കേസുകളിലേക്കും ഈ പോര് വളര്‍ന്നിരിക്കുകയാണ്.

ബാര്‍ക്ക് അന്വേഷണം ആരംഭിച്ചതോടെ ചാനലുകള്‍ക്ക് അലച്ചില്‍ തുടങ്ങി.വാര്‍ത്താ ലോകത്ത് വിശ്വസ്ഥതയുടെ തൂണായി കണക്കാക്കുന്ന ബാര്‍ക്ക് തന്നെ ഇപ്പോള്‍ ചാനലുകളുടെ റേറ്റിംഗ് കൂട്ടാന്‍ കൂടെ നില്‍ക്കുന്നതിനെ കുറിച്ചു പരിശോധിക്കാന്‍ ഫോറന്‍സിക് ഓഡിറ്റ് തുടങ്ങി.
ചില ചാനലുകള്‍ ”ലാന്റിംഗ് പേജ്” പോലുള്ള വഴികളിലൂടെ പ്രേക്ഷകര്‍ കാണുന്ന നമ്പര്‍ കൃത്രിമമായി ഉയര്‍ത്തുന്നു എന്ന ആരോപണം കനത്തതോടെ, അന്വേഷണം ഒഴിവാക്കാനാകാത്ത അവസ്ഥയാണ്. ഒരുഭാഗത്ത് ചില ചാനലുകള്‍ ബാര്‍ക്ക്‌ന്റെ ഡാറ്റ വിശ്വസനീയമല്ലെന്ന് തുറന്നുപറയുമ്പോള്‍, മറ്റെവിടെയോ ”അവരുടെ റേറ്റിംഗ് ആകസ്മികമായി ഉയരുന്നത് സാധാരണം ആണ് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തുന്നു.ഇതോടെ സാധാരണകരയ പ്രേഷകര്‍ പോലും ചോദിക്കുന്നുത് നമ്മള്‍ കണ്ടത് വാര്‍ത്തയാണോ, അതോ റേറ്റിംഗ് കൂട്ടാനുള്ള മത്സരവാര്‍ത്തയാണോ?. ചാനലുകള്‍ തമ്മിലുള്ള റേറ്റിംഗ് മത്സരം പലപ്പോഴും വാര്‍ത്തയുടെ നിലവാരം താഴ്ത്തി,അനാവശ്യ വാദ-വിവാദങ്ങള്‍ക്കും അട്ടിമറിക്കുമാണ് വഴിവെക്കുന്നത്. ചില ചാനലുകള്‍ റേറ്റിംഗ് സംവിധാനത്തില്‍ പക്ഷാപാതവും കൃത്രിമത്വവും ഉണ്ടെന്നു തുറന്ന് പറയുമ്പോള്‍, മറ്റുചിലര്‍ സംശയകരമായ റേറ്റിംഗ് ഉയര്‍ച്ചകള്‍ ചൂണ്ടിക്കാട്ടി പരസ്്പരം കുറ്റപ്പെടുത്തുകയാണ്.

വാര്‍ത്തയ്ക്ക് പകരം റേറ്റിംഗിനു മുന്‍തൂക്കം നല്‍കുന്ന ഈ പ്രവണത മൂലം,മാധ്യമങ്ങളുടെ വിശ്വാസ്യതയും പ്രേക്ഷകരുടെ അവകാശങ്ങളും നഷ്ടപ്പെടുന്നതായാണ് സമൂഹത്തില്‍ ഉയരുന്ന ആശങ്ക.