
റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിക്കറ്റെടുത്ത ശേഷമുള്ള ആഘോഷപ്രകടനം അതിരുവിട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് ഐസിസിയുടെ ശിക്ഷാ നടപടി. പ്രകോപനപരമായ പെരുമാറ്റത്തിന് റാണയെ താക്കീത് ചെയ്ത ഐസിസി, അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഒരു ഡിമെറിറ്റ് പോയിന്റ് കൂടി ചേര്‍ക്കുകയും ചെയ്തു. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിനാണ് നടപടി. എതിര്‍ താരത്തോടോ സപ്പോര്‍ട്ട് സ്റ്റാഫിനോടോ പ്രകോപനപരമായി പെരുമാറുകയോ മോശം ഭാഷ ഉപയോഗിക്കുകയോ ചെയ്യുന്നതാണ് ഈ ആര്‍ട്ടിക്കിളിലെ കുറ്റം.
റാഞ്ചിയില്‍ നടന്ന ആദ്യ ഏകദിന മത്സരത്തിലെ 22-ാം ഓവറിലാണ് വിവാദ സംഭവമുണ്ടായത്. ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസിന്റെ വിക്കറ്റ് നേടിയ ശേഷം, റാണ ബ്രെവിസിന് അടുത്തെത്തി ഡ്രസ്സിംഗ് റൂമിലേക്ക് വിരല്‍ ചൂണ്ടി ആംഗ്യം കാണിച്ചത് പ്രകോപനപരമായി ഐസിസി വിലയിരുത്തി. ലെവല്‍ 1 വിഭാഗത്തില്‍പ്പെടുന്ന കുറ്റമാണിത്. ഐസിസി മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സന് മുന്നില്‍ തന്റെ തെറ്റ് സമ്മതിച്ച റാണയുടെ ശിക്ഷാ നടപടികള്‍ ഔദ്യോഗിക വാദം കേള്‍ക്കലില്ലാതെ പൂര്‍ത്തിയാക്കി. ലെവല്‍ 1 കുറ്റങ്ങള്‍ക്ക് താക്കീത്, മാച്ച് ഫീയുടെ 50 ശതമാനം പിഴ, ഒരു ഡിമെറിറ്റ് പോയന്റ് എന്നിവയാണ് സാധാരണയായി ശിക്ഷയായി വിധിക്കാറുള്ളത്. നേരത്തെ ഐപിഎല്‍ മത്സരത്തിനിടെ എതിര്‍ ടീം ബാറ്റര്‍മാര്‍ക്ക് നേരെ ഫ്‌ലയിംഗ് കിസ് നല്‍കിയതിന്റെ പേരിലും ഹര്‍ഷിത് റാണയ്ക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്. ഇന്ത്യ 17 റണ്‍സിന് ജയിച്ച മത്സരത്തില്‍ ബൗളിംഗില്‍ ഹര്‍ഷിത് റാണ തിളങ്ങിയിരുന്നു. 10 ഓവറില്‍ 65 റണ്‍സ് വഴങ്ങിയ റാണ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്.