ട്രംപിന്റെ വിശ്വസ്തന്‍ പുടിനെ ഉപദേശിച്ചു: ഫോണ്‍കോളുകള്‍ ചോര്‍ന്നു; യുക്രെയ്ന്‍ സമാധാന പദ്ധതി റഷ്യന്‍ തിരക്കഥയെന്ന് റിപ്പോര്‍ട്ട്

Jaihind News Bureau
Wednesday, December 3, 2025

 

ട്രംപിന്റെ വിശ്വസ്തന്‍ സ്റ്റീവ് വിറ്റ്കോഫും റഷ്യന്‍ ഉദ്യോഗസ്ഥരുമായുള്ള ഫോണ്‍കോളുകള്‍ ചോര്‍ന്നത് അമേരിക്കയില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചു. അമേരിക്കന്‍ പ്രസിഡന്റിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിനെ വിറ്റ്കോഫ് ഉപദേശിച്ചതായി ചോര്‍ന്ന സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

റോയിട്ടേഴ്‌സ് പുറത്തുവിട്ട എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടാണ് ഞെട്ടലുണ്ടാക്കുന്നത്. യുക്രെയ്നിന് മുന്നില്‍ അമേരിക്ക വെച്ച 28 ഇന സമാധാന പദ്ധതി, റഷ്യ എഴുതി തയ്യാറാക്കിയ വ്യവസ്ഥകള്‍ അതേപോലെ പകര്‍ത്തിയെഴുതിയതാണെന്നാണ് പ്രധാന ആരോപണം. ക്രിമിയ, ഫലഭൂയിഷ്ഠമായ ഡോണ്‍ബാസ് മേഖലകള്‍, കെര്‍സണ്‍, സപോരിസിയ തുടങ്ങിയ പ്രധാന യുക്രെയ്ന്‍ പ്രദേശങ്ങള്‍ റഷ്യക്ക് വിട്ടുകൊടുക്കുക, പകരം യുക്രെയ്ന്‍ നാറ്റോ അംഗത്വം തേടാതിരിക്കുക, സൈന്യബലം വെട്ടിക്കുറയ്ക്കുക തുടങ്ങിയ റഷ്യക്ക് അനുകൂലമായ നിര്‍ദ്ദേശങ്ങളാണ് പദ്ധതിയുടെ അടിസ്ഥാനമെന്നും റിപ്പോര്‍ട്ടിലുണ്ട്.

റിയല്‍ എസ്റ്റേറ്റ് വ്യവസായി മാത്രമായ സ്റ്റീവ് വിറ്റ്കോഫ്, യാതൊരു നയതന്ത്ര പരിചയവും ശമ്പളവുമില്ലാതെയാണ് ട്രംപിന്റെ ഏറ്റവും വിശ്വസ്തനായ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത്. വിദേശകാര്യ വകുപ്പിനെ പൂര്‍ണ്ണമായും ഒഴിവാക്കി, ട്രംപ്, വിറ്റ്കോഫ്, വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, ആര്‍മി സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോള്‍ എന്നിവരടങ്ങുന്ന ‘നാല്‍വര്‍ സംഘം’ മാത്രമറിഞ്ഞാണ് ഈ സുപ്രധാന ചര്‍ച്ചകളെല്ലാം മുന്നോട്ട് പോകുന്നത്. മുമ്പ് രഹസ്യമായി റഷ്യ തയ്യാറാക്കിയ ഈ പദ്ധതിയുടെ ആദ്യ രൂപരേഖ തയ്യാറാക്കിയവരില്‍ വിറ്റ്കോഫിനൊപ്പം ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നെറും ഉള്‍പ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

റഷ്യന്‍ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവുമായുള്ള വിറ്റ്കോഫിന്റെ സംഭാഷണങ്ങളാണ് ബ്ലൂംബെര്‍ഗ് പുറത്തുവിട്ടത്. ചോര്‍ച്ചയില്‍ താന്‍ ഞെട്ടിയെന്ന് ഉഷാക്കോവ് പ്രതികരിച്ചു. ചോര്‍ച്ചയുടെ ലാഭം നിലവില്‍ യുക്രെയ്നിനാണ്. വിറ്റ്കോഫിന്റെ ഇടപെടലുകളില്‍ കീവിന് അസ്വസ്ഥതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപ് ഭരണകൂടത്തിലെ റഷ്യന്‍ നയത്തിലുള്ള എതിര്‍പ്പാണ് ചോര്‍ച്ചയ്ക്ക് പിന്നിലെന്ന് ചിലര്‍ സംശയിക്കുന്നു. റിപ്പബ്ലിക്കന്‍ നേതാക്കള്‍ക്കിടയില്‍ പോലും ട്രംപിന്റെ ഈ ഒറ്റയാള്‍ നയതന്ത്രം ആശങ്കയുണ്ടാക്കിയിട്ടുണ്ട്.