
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ബലാത്സംഗക്കേസില്‍ കോണ്‍ഗ്രസ് കടുത്ത നടപടിയിലേക്ക്. രാഹുലിനെ പാര്‍ട്ടിയിലെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് ഉചിതമായ തീരുമാനം എടുക്കുമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ. മുരളീധരന് വ്യക്തമാക്കി. പുതിയ രേഖാമൂലമുള്ള പരാതി ലഭിച്ച സാഹചര്യത്തില്‍ ‘ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുലുമായുള്ള ‘പൊക്കിള്‍ക്കൊടി ബന്ധം പാര്‍ട്ടി വിച്ഛേദിച്ചു കഴിഞ്ഞു’ എന്ന് മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. ‘പുകഞ്ഞ കൊള്ളി പുറത്താണ്, ആ പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവര്‍ക്കും പുറത്തുപോവാം’ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. നേരത്തെ, രേഖാമൂലമുള്ള പരാതിയില്ലാത്ത സാഹചര്യത്തില്‍ സസ്പെന്ഷന് നല്‍കിയത് തിരുത്തല്‍ പ്രക്രിയക്കായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതിനുള്ള സാധ്യതയില്ലാത്തതിനാല്‍ ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടാകും.
പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ചെയ്യാതെ മറ്റ് കാര്യങ്ങളിലേക്ക് പോകുന്ന ഒരാള്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദ്യം വേണ്ടത് സദാചാരമാണെന്നും പാര്‍ട്ടിയുടെ അന്തസ്സും സല്‍പ്പേരും കാത്തുസൂക്ഷിക്കണമെന്നും മുരളീധരന് വ്യക്തമാക്കി. ‘ജനപ്രതിനിധിക്ക് ഇത്തരത്തിലുള്ള കാര്യങ്ങളിലേക്ക് പോകാന്‍ സമയം കിട്ടില്ല, അത്തരക്കാര്‍ ഒരു രംഗത്തും പ്രവര്‍ത്തിക്കാന്‍ യോഗ്യനല്ല’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുലിനെ പുറത്താക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, രമേശ് ചെന്നിത്തല, കെ. മുരളീധരന് എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാര്‍ട്ടിയുടെ ധാര്‍മ്മിക നിലപാട് വ്യക്തമാക്കാനാണ് കോണ്‍ഗ്രസ് കടുത്ത നടപടിയിലേക്ക് കടക്കുന്നത്.
സിപിഎമ്മിന്റെ വിമര്‍ശനങ്ങളെയും മുരളീധരന് തള്ളിക്കളഞ്ഞു. ‘അവരുടെ ഒരുപാട് നേതാക്കള്‍ക്കെതിരെ പരാതിയുണ്ട്, അത് അവരുടെ സംസ്കാരം. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാന്യത വേണം. മറ്റ് പാര്‍ട്ടികളുടെ കാര്യങ്ങള്‍ ഞങ്ങളെ സ്വാധീനിക്കില്ല’ എന്നും അദ്ദേഹം പറഞ്ഞു.