
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയുടെ കരുത്തും പോരാട്ടവീര്യവും വിളിച്ചോതുന്ന ചരിത്രപ്രധാനമായ നാവിക സേനാ ദിനാഘോഷത്തിന് ഇന്ന് തിരുവനന്തപുരം ശംഖുമുഖം ബീച്ച് സാക്ഷ്യം വഹിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങ് വൈകുന്നേരം 4:30 ന് ആരംഭിക്കും.
ചടങ്ങുകളുടെ പ്രധാന ആകര്‍ഷണം നാവികസേനയുടെ ‘ഓപ്പറേഷണല്‍ ഡെമോണ്‍സ്ട്രേഷന്‍’ ആണ്. തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യയുടെ അഭിമാനമായ വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ്. വിക്രാന്ത്, വിവിധ യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍, ഫൈറ്റര്‍ ജെറ്റുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ അണിനിരക്കുന്ന ആകാശ-ജല അഭ്യാസ പ്രകടനങ്ങള്‍ കാണികള്‍ക്ക് അവിസ്മരണീയമായ കാഴ്ചയാകും. കപ്പലുകളിലെ മിസൈല്‍ ലോഞ്ചറുകളും അത്യാധുനിക ആയുധങ്ങളും ഉള്‍പ്പെടെയുള്ള സാങ്കേതിക മികവും നാവികസേനയുടെ പോരാട്ട തന്ത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കും.
ഇന്ത്യന്‍ നാവികസേനാ ദിനാഘോഷം ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ വെച്ച് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. രാഷ്ട്രപതി പങ്കെടുക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി പ്രത്യേക പാര്‍ക്കിംഗ് സൗകര്യങ്ങളും ശംഖുമുഖത്തേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്.