കടകംപള്ളി കൂട്ടിലാകുമോ? സ്വർണക്കൊള്ളയില്‍ എസ്ഐടി നാളെ റിപ്പോർട്ട്‌ സമർപ്പിക്കും; നെഞ്ചിടിപ്പോടെ സിപിഎം

Jaihind News Bureau
Tuesday, December 2, 2025

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നാളെ സിപിഎമ്മിന് നിര്‍ണായക ദിനമാണ്. പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്വര്‍ണക്കൊള്ളയില്‍ ആറാമതായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റിലായതോടെയാണ് ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയെന്ന സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിഞ്ഞു തുടങ്ങിയത്. അറസ്റ്റിനു ശേഷമുള്ള ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ച് പത്മകുമാര്‍ മൊഴി നല്‍കുകയാണ്. സര്‍ക്കാരിനും സിപിഎമ്മിനും പത്മകുമാറിന്റെ മൊഴി വിവരങ്ങള്‍ തലവേദനയാണ് സൃഷ്ടിക്കുന്നത്. സര്‍ക്കാരിന് ലഭിച്ച അപേക്ഷയിലാണ് ആദ്യം അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണപ്പാളി കൈമാറാന്‍ തീരുമാനം എടുത്തതെന്ന പത്മകുമാറിന്റെ മൊഴിയില്‍ പെട്ടിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. അതു കൂടാതെ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്കും അന്വേഷണം നീളുന്നുവെന്ന സൂചനയും വ്യക്തമാവുകയാണ്. അങ്ങനെയെങ്കില്‍ സ്വര്‍ണക്കൊള്ളയിലെ ഏഴാമത്തെ വിക്കറ്റ് സിപിഎമ്മിന്റെ പ്രിയങ്കരനായ കടകംപള്ളിയുടേതാവും.

പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ കടകംപള്ളി മന്ത്രിയെ കുറിച്ച് എന്തെങ്കിലും പരാമര്‍ശമുണ്ടായാല്‍ സിപിഎമ്മിന് വലിയ ക്ഷീണമാകും ഉണ്ടാവുക. റിപ്പോര്‍ട്ടിന്മേല്‍ കോടതി പരാമര്‍ശമുണ്ടായാലും തല്‍സ്ഥിതി തന്നെ. അതുകൊണ്ട് തന്നെ സിപിഎമ്മിന് നാളത്തെ ദിനം നിര്‍ണായകമാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ഏഴ് ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നാളത്തെ കോടതി നീക്കങ്ങള്‍ സര്‍ക്കാരിനെ കുഴയ്ക്കുമെന്ന് ഉറപ്പാണ്. അയ്യന്റെ സ്വര്‍ണം കട്ടവര്‍ക്ക് വോട്ടില്ല എന്ന് കേരളത്തിന്റെ അങ്ങിങ്ങായി ജനങ്ങള്‍ പ്രചാരണം തുടങ്ങി കഴിഞ്ഞു. കടകംപള്ളിയുടെ പങ്കും വ്യക്തമായി കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സര്‍ക്കാരിന്റെ പണി കഴിയും.