
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ബസ് ഡ്രൈവര്‍ യദുവിനെ തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന് ദേവ് എം.എല്‍.എ.യെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. മേയറുടെ സഹോദരനായ അരവിന്ദ് മാത്രമാണ് കേസില്‍ നിലവില്‍ പ്രതി. മേയറും എം.എല്‍.എ.യും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
2024 ഏപ്രില്‍ 27 ന് രാത്രി 10 മണിക്ക് പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ വെച്ചാണ് മേയറും കുടുംബവും സഞ്ചരിച്ച സ്വകാര്യ വാഹനം കെ.എസ്.ആര്.ടി.സി. ബസ് തടഞ്ഞ് വാക്കുതര്‍ക്കം ഉണ്ടായത്. ഡ്രൈവര്‍ യദു നല്കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ച് കോടതി നേരിട്ട് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിച്ചത്.
ആര്യ രാജേന്ദ്രനെ വീണ്ടും പ്രതി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് യദു കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കിയിട്ടുണ്ട്. അതേസമയം, മേയര്‍ നല്കിയ പരാതിയിലെടുത്ത കേസില്‍ കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍ യദുവിനെതിരെ പൊലീസ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ബസിലുണ്ടായിരുന്ന മേയറേയും മറ്റുള്ളവരെയും യദു അശ്ലീല ആംഗ്യം കാണിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് മ്യൂസിയം പൊലീസ് കുറ്റപത്രം നല്‍കുന്നത്. ബസ്സിലെ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ ഇതുവരെ കാര്യമായ അന്വേഷണം എങ്ങുമെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.