
കൊല്ലം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. കേസില്‍ താന്‍ മാത്രമെങ്ങനെ പ്രതിയാകുമെന്ന ശക്തമായ ചോദ്യമാണ് ജാമ്യഹര്‍ജിയില്‍ പത്മകുമാര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. ദേവസ്വം ബോര്‍ഡിലെ കൂട്ടായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ നടപടികളും സ്വീകരിച്ചതെന്നും, അതിന്റെ ഉത്തരവാദിത്തം തന്റെ മേല്‍ മാത്രം ചുമത്തുന്നത് നീതിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ശബരിമലയിലെ സ്വര്‍ണ്ണം ചെമ്പ് പൂശിയതാണെന്ന വിവാദത്തില്‍, ബോര്‍ഡ് യോഗത്തിന്റെ മിനിട്സില്‍ ‘ചെമ്പ്’ എന്ന് എഴുതിയത് മറ്റ് ബോര്‍ഡ് അംഗങ്ങളുടെയും അറിവോടെയാണ് എന്ന നിര്‍ണ്ണായക വാദവും പത്മകുമാര്‍ കോടതിയില്‍ ഉന്നയിക്കുന്നുണ്ട്. ഈ വാദം നിലവിലുള്ള അന്വേഷണത്തിന്റെ പരിധി മറ്റ് ബോര്‍ഡ് അംഗങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസില്‍ പത്മകുമാറിന് ജാമ്യം ലഭിക്കുമോ, അതോ കോടതി ഹര്‍ജി തള്ളുമോ എന്നറിയാനാണ് കേരളം ഉറ്റുനോക്കുന്നത്.
നിയമനങ്ങളിലും ഫണ്ട് വിനിയോഗത്തിലും അടക്കം ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ ഭരണനേതൃത്വത്തിന്റെ അറിവോടെയാണ് നടക്കുന്നത് എന്ന പൊതുവിമര്‍ശനം നിലനില്‍ക്കെ, ഈ സ്വര്‍ണ്ണക്കൊള്ള കേസ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോടതി ഇന്ന് ഹര്‍ജി തള്ളുകയാണെങ്കില്‍, കേസിന്റെ ചുരുളഴിയുന്നതിലൂടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്താനുള്ള സാധ്യതകളുണ്ട്.