
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറും ടീമിലെ ഏറ്റവും പ്രധാനപ്പെട്ട സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴുന്നതായി റിപ്പോര്‍ട്ടുകള്‍. ഡ്രസ്സിങ് റൂമിലെ ഈ അകല്‍ച്ചയില്‍ ബിസിസിഐ അത്യധികം അസ്വസ്ഥരാണ്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടീമിനുള്ളിലെ ആശയവിനിമയം കുറഞ്ഞതും അകല്‍ച്ച പ്രകടമായതും പ്രശ്നം ഗുരുതരമാക്കുന്നു എന്നാണ് സൂചന.
ഗംഭീര്‍ കോച്ചായി ചുമതലയേറ്റതിന് ശേഷം സീനിയര്‍ താരങ്ങളുമായി ഉണ്ടാക്കിയ അഭിപ്രായവ്യത്യാസങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സീനിയര്‍ താരങ്ങളായ വിരാട് കോലിയെയും രോഹിത് ശര്‍മയെയും ടീമിന്റെ ഭാവി പദ്ധതികളില്‍ ഗംഭീര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന പ്രധാന വിവരം. ഇരുവരുടെയും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നുള്ള വിരമിക്കലിന് പിന്നില്‍ ഗംഭീറിന്റെ ഇടപെടലുകള്‍ കാരണമായെന്ന അഭ്യൂഹങ്ങള്‍ ബന്ധം കൂടുതല്‍ വഷളാക്കി. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇരുവരും ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. ടീം മീറ്റിംഗുകളിലും പരിശീലന സെഷനുകളിലും കോച്ചും താരങ്ങളും തമ്മിലുള്ള സംഭാഷണങ്ങള്‍ കുറയുകയും അകല്‍ച്ച പ്രകടമാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ആഭ്യന്തര പ്രശ്നങ്ങള്‍ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്ക ബിസിസിഐക്കുണ്ട്.
ടീമിനുള്ളിലെ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ബിസിസിഐ ഉന്നതതല ഇടപെടലിന് ഒരുങ്ങുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിന് തൊട്ടുമുമ്പ് ബിസിസിഐ അടിയന്തര യോഗം വിളിച്ചത്. ടീമിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമായതിനാല്‍ ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. യോഗത്തിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രശ്നപരിഹാരത്തിനുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയേക്കുമെന്നാണ് പ്രതീക്ഷ.
ടീമിനുള്ളിലെ അസ്വാരസ്യങ്ങള്‍ക്കിടയിലും വിരാട് കോലിയും രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത് തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. 135 റണ്‍സ് നേടി സെഞ്ചുറി വേട്ടക്കാരില്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് പിന്നില്‍ രണ്ടാമനായി. ഒരു ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോര്‍ഡും കോലി തകര്‍ത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.
57 റണ്‍സ് നേടിയ രോഹിത് ശര്‍മ ഏകദിന കരിയറിലെ 352-ാം സിക്സര്‍ നേടി റെക്കോര്‍ഡ് സ്ഥാപിച്ചു. 369 ഇന്നിംഗ്സുകളില്‍ ഷാഹീദ് അഫ്രീദി സ്ഥാപിച്ച റെക്കോര്‍ഡാണ് രോഹിത് വെറും 100 ഇന്നിംഗ്സുകള്‍ കുറച്ചു കളിച്ച് സ്വന്തം പേരിലാക്കിയത്. ബോര്‍ഡിന്റെ അടിയന്തര ഇടപെടലിലൂടെ ടീമിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം.