
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നോട്ടീസുകളുടെ ചുഴലിക്കാറ്റിലാണ്. ‘കേന്ദ്ര ഏജന്‍സി വേട്ടയാടല്‍’ എന്ന സിപിഎമ്മിന്റെ സ്ഥിരം പല്ലവിക്ക് ഇക്കുറി ശക്തി കുറവാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, ആരോപണങ്ങള്‍ ഒരു വ്യക്തിയില്‍ ഒതുങ്ങുന്നില്ല, മറിച്ച് മുഖ്യമന്ത്രിയുടെ കുടുംബത്തെയാകെ വലച്ചിരിക്കുകയാണ്.
ഏറ്റവും ഒടുവില്‍, മസാല ബോണ്ടിലെ ഫെമ നിയമലംഘനത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുഖ്യമന്ത്രിക്ക് തന്നെ നോട്ടീസ് അയച്ചിരിക്കുന്നു. പതിവുപോലെ, സിപിഎം ഇതിനെ ‘തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പ്രതികാര നടപടി’ എന്ന് പറഞ്ഞ് ലഘൂകരിക്കുന്നു. എന്നാല്‍, പ്രതികാര നടപടിയെന്ന് പറഞ്ഞ് പുച്ഛിക്കുമ്പോഴും, നോട്ടീസുകളുടെ ഈ പ്രവാഹം ക്ലിഫ് ഹൗസിന്റെ സമാധാനത്തെ കെടുത്തുന്നു എന്നതില്‍ സംശയമില്ല.
മുഖ്യമന്ത്രിയുടെ ഭാര്യ കമലാ വിജയന്‍ മാത്രമാണ് ഇതുവരെ കേന്ദ്ര ഏജന്‍സികളുടെ നോട്ടീസില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഏക വ്യക്തി. മക്കളായ വീണ വിജയനും വിവേക് വിജയനും അന്വേഷണ പരിധിയിലാണ്. മകള്‍ വീണ ടി. ഒന്നിലധികം ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. എക്സാലോജിക്സ് കമ്പനിയുമായി ബന്ധപ്പെട്ട സി.എം.ആര്‍.എല്‍. മാസപ്പടി ആരോപണം ഗുരുതരമാണ്. സേവനം നല്‍കാതെ കരിമണല്‍ കമ്പനിയില്‍ നിന്നും പണം കൈപ്പറ്റിയത് ഏത് ധാര്‍മ്മികതയുടെ പേരിലാണ്? ഈ കേസില്‍ എസ്.എഫ്.ഐ.ഒ. അന്വേഷണം നടക്കുകയും വീണയെ ചോദ്യം ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മകന് ലാവ്‌ലിന്‍ കേസില്‍ ഇ.ഡി. സമന്‍സ് ലഭിച്ചിരുന്നു. ലാവ്‌ലിന്‍ കമ്പനി ഡയറക്ടര്‍ വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി പണം നല്‍കി എന്ന വിവരത്തെത്തുടര്‍ന്നായിരുന്നു ഇത്. എന്നിട്ടും അദ്ദേഹം ഇ.ഡി.ക്ക് മുന്നില്‍ ഹാജരാകാത്തത് എന്തിന്റെ സൂചനയാണ്?
പുതിയ നോട്ടീസുകള്‍ക്കപ്പുറം, പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിനെ എക്കാലവും പിന്തുടരുന്ന ലാവ്‌ലിന്‍ കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സി.ബി.ഐ.യുടെ അപ്പീല്‍ പലതവണ മാറ്റിവെച്ച് അനന്തമായി നീളുന്നത് ആരെ രക്ഷിക്കാനാണ്? ഇതിന് പുറമെ, നയതന്ത്ര ചാനല്‍ സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ തട്ടിപ്പ്, സി.എം.ആര്‍.എല്‍. മാസപ്പടി തുടങ്ങിയ മറ്റ് വലിയ കേസുകളിലും മുഖ്യമന്ത്രിയുടെ പേര് ആരോപണ നിഴലിലാണ്.
ഇത്രയധികം അന്വേഷണങ്ങള്‍ നടന്നിട്ടും, ഒരു കേസില്‍ പോലും കാര്യമായ ഒരു തുടര്‍നടപടി ഉണ്ടായില്ല എന്നത് പ്രതിപക്ഷം ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് ബലം നല്‍കുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ അറസ്റ്റിലായിട്ടും, കേന്ദ്ര ഏജന്‍സികള്‍ ഒരു ഘട്ടത്തില്‍ പോലും സെക്രട്ടറിയേറ്റിലേക്കോ, ക്ലിഫ് ഹൗസിലേക്കോ അന്വേഷണം വ്യാപിപ്പിച്ചില്ല. തെരഞ്ഞെടുപ്പ് സമയത്ത് നോട്ടീസ് അയച്ച് വാര്‍ത്താ പ്രാധാന്യം നേടുക, പിന്നീട് നടപടികള്‍ തണുപ്പിക്കുക; ഇതാണോ ഇവിടെ നടക്കുന്നത്?
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എ.സി. മൊയ്തീന്‍ അടക്കമുള്ള സി.പി.എം. നേതാക്കള്‍ക്ക് എതിരായ ഇ.ഡി. അന്വേഷണവും ഇഴഞ്ഞു നീങ്ങുകയാണ്. ഈ പശ്ചാത്തലത്തില്‍, ബിജെപി-സിപിഎം ‘അന്തര്‍ധാര’ എന്ന പ്രതിപക്ഷ ആരോപണം കൂടുതല്‍ സജീവമാകുന്നു. കേവലം തിരഞ്ഞെടുപ്പ് ഗിമ്മിക്കുകള്‍ക്കായി നോട്ടീസുകള്‍ അയച്ച്, പിന്നീട് കാര്യമായ നടപടികളില്ലാതെ കേസ് തേച്ചുമായ്ക്കുന്നത് മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമല്ലേ? കേരളത്തിലെ ജനങ്ങള്‍ക്ക് സത്യം അറിയണം. ക്ലിഫ് ഹൗസിലെ ഈ ദുരൂഹതകള്‍ക്ക് തിരശ്ശീല വീഴേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.