പാകിസ്ഥാനില്‍ അസിം മുനീര്‍ ‘സര്‍വ്വാധിപതി’യാകുന്നു; വിജ്ഞാപനത്തിന് കാത്തുനില്‍ക്കാതെ രാജ്യം വിട്ട് ഷെഹ്ബാസ് ഷെരീഫ്

Jaihind News Bureau
Tuesday, December 2, 2025

 

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ആദ്യ പ്രതിരോധ സേനാ മേധാവിയായി (സിഡിഎഫ്) അസിം മുനീറിനെ നിയമിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിക്കുന്ന നീക്കം. ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട സിഡിഎഫ് പദവിയിലേക്ക് അസിം മുനീര്‍ എത്തുന്നതോടെ അദ്ദേഹം ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടും. അഞ്ച് വര്‍ഷത്തേക്കാണ് ഈ നിയമനം. ഇതോടെ പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത അധികാരങ്ങളുള്ള, ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിര്‍ണ്ണായകമായ ഈ വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ രാജ്യത്തുണ്ടാകുന്നത് ഒഴിവാക്കാന്‍ ഷെഹ്ബാസ് ഷെരീഫ് മനഃപൂര്‍വം മാറിനില്‍ക്കുകയാണെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ബഹ്റൈനിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും ഷെഹ്ബാസ് ഷെരീഫ് യാത്ര തിരിച്ചതായാണ് വിവരം. അസിം മുനീറിന് അമിതാധികാരം നല്‍കുന്ന ഉത്തരവില്‍ ഒപ്പിട്ടുവെന്ന രാഷ്ട്രീയ ഉത്തരവാദിത്തത്തില്‍ നിന്ന് തന്ത്രപരമായി ഒഴിഞ്ഞുമാറാനാണ് ഷെരീഫ് ശ്രമിക്കുന്നതെന്ന് മുന്‍ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ് അംഗം തിലക് ദേവാഷര്‍ എഎന്‍ഐയോട് പ്രതികരിച്ചു. രാജ്യത്തു നിന്ന് മാറിനില്‍ക്കുന്നതോടെ ഉത്തരവ് ഒപ്പിട്ടുവെന്ന ഭാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രധാനമന്ത്രിക്ക് കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

അതേസമയം, കരസേനാ മേധാവിയെന്ന നിലയില്‍ അസിം മുനീറിന്റെ കാലാവധി നവംബര്‍ 29-ന് അവസാനിച്ചിരുന്നു. അന്നേദിവസം ഇറങ്ങേണ്ടിയിരുന്ന സിഡിഎഫ് വിജ്ഞാപനം വൈകുന്നതോടെ പാക്കിസ്ഥാന്‍ സൈന്യം ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിലവില്‍ സാങ്കേതികമായി പാക്കിസ്ഥാന് ഒരു സൈനിക മേധാവി ഇല്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇതിനുപുറമെ, സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന് കീഴില്‍ വരുന്ന ‘ന്യൂക്ലിയര്‍ കമാന്‍ഡ് അതോറിറ്റി’ക്കും ഇപ്പോള്‍ ഔദ്യോഗികമായി നേതൃത്വമില്ല. ആണവായുധ ശേഷിയുള്ള ഒരു രാജ്യം സൈനിക മേധാവിയോ ആണവ കമാന്‍ഡ് ഇന്‍-ചാര്‍ജോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണെന്നും, സിഡിഎഫ് വിജ്ഞാപനത്തിന്റെ നിയമസാധുതയില്‍ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.