
കൊച്ചി: നേപ്പാള്‍ സ്വദേശിയായ സൂരജ് ലാമയെ കാണാതായതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ടെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. തിരോധാനത്തിലെ പൊലീസ് കസ്റ്റഡിയിലെ സുരക്ഷയിലും കൊച്ചി നഗരത്തിലെ നിരീക്ഷണ സംവിധാനത്തിലും കോടതി ആശങ്ക രേഖപ്പെടുത്തി.
കളമശേരിയില്‍ നിന്ന് കണ്ടെത്തിയ അജ്ഞാത മൃതദേഹം സൂരജ് ലാമയുടേതാണോ എന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണമായിട്ടില്ല. മൃതദേഹം സൂരജ് ലാമയുടെ മകന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന്, മൃതദേഹം സൂരജ് ലാമയുടേതാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു. ഇതിനായി സൂരജ് ലാമയുടെ മകനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. തിരിച്ചറിയാത്ത മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം നടക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മകന് നല്കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിര്‍ണ്ണായക ചോദ്യങ്ങളുണ്ടായത്. മെഡിക്കല്‍ കോളേജില്‍ പൊലീസ് എത്തിച്ച സൂരജ് ലാമയെ എങ്ങനെയാണ് അവിടെ നിന്ന് കാണാതായത്? സൂരജ് ലാമയെ കാണാതായതില്‍ ആര്‍ക്കാണ് ഉത്തരവാദിത്തം? പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയെന്നത് അയാളുടെ സുരക്ഷയുമായി ബന്ധപ്പെട്ടു കൂടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തപ്പെട്ടവര്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും, കളമശ്ശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സൂരജ് ലാമയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും മറ്റന്നാള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കളമശ്ശേരിയിലെ ഒരു കുറ്റിക്കാട്ടില്‍ നിന്ന് ആഴ്ചകള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവം കൊച്ചി നഗരത്തിലെ സുരക്ഷാ നിരീക്ഷണത്തെക്കുറിച്ച് വലിയ ആശങ്കയുണ്ടാക്കി. ‘ജുഡീഷ്യല്‍ സിറ്റി വരേണ്ടതിന് തൊട്ടടുത്തല്ലേ ഈ സംഭവം ഉണ്ടായത്? എന്ത് നിരീക്ഷണ സംവിധാനമാണ് കൊച്ചി നഗരത്തിലുള്ളത്?’ എന്നും കോടതി ചോദിച്ചു. ഇത്തരം കുറ്റിക്കാടുകള്‍ നിറഞ്ഞ മേഖലകളിലും, നിരീക്ഷണ സംവിധാനം ഇല്ലാത്ത സ്ഥലങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കണം. ആരെയെങ്കിലും കൊന്നുകൊണ്ട് ഇട്ടാല്‍ എങ്ങനെയാണ് പൊലീസ് അറിയുകയെന്നും, വെറുമൊരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയായി ഇതിനെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.