വേദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു, തിരിഞ്ഞുനോക്കാതെ നദ്ദ; ബിജെപിക്ക് മനുഷ്യത്വമില്ലെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Monday, December 1, 2025

ഗുജറാത്തില്‍ ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ പ്രസംഗിക്കുന്നതിനിടെ വേദിയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ഉദ്യോഗസ്ഥന്‍ ബോധരഹിതനായി വീണിട്ടും നദ്ദയോ വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കളോ പ്രസംഗം നിര്‍ത്താനോ അദ്ദേഹത്തെ സഹായിക്കാനോ തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

ജെ.പി. നദ്ദ പ്രസംഗം തുടരുക മാത്രമാണ് ചെയ്തതെന്നും, വേദിയിലിരുന്ന ഒരു ബിജെപി നേതാവ് പോലും സഹായത്തിനായി മുന്നോട്ടുവന്നില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ബിജെപി നേതാക്കള്‍ക്ക് സഹാനുഭൂതി എന്നൊന്നില്ല എന്നാണ് ഇത് തെളിയിക്കുന്നതെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക ‘എക്‌സ്’ ഹാന്‍ഡിലില്‍ കുറിച്ചു. പൊതുജനങ്ങളുടെ ദുരിതങ്ങളോട് ബിജെപി പുലര്‍ത്തുന്ന മനോഭാവം തന്നെയാണ് ഇതിലൂടെ വെളിവാകുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

വിവിധ ജനകീയ വിഷയങ്ങളില്‍ ബിജെപിക്ക് പ്രതിബദ്ധതയില്ലെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. ‘മലിനീകരണം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടിയാലും, തൊഴിലില്ലായ്മ മൂലം യുവാക്കള്‍ വലഞ്ഞാലും, വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ കഷ്ടപ്പെട്ടാലും, കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരായാലും ബിജെപി നേതാക്കള്‍ക്കും സര്‍ക്കാരുകള്‍ക്കും അതൊന്നും ബാധകമല്ല. അവര്‍ അവരുടേതായ ലോകത്താണ്. പ്രധാനമന്ത്രി മോദി ‘മന്‍ കി ബാത്തി’ലും തിരക്കിലാണ്,’ കോണ്‍ഗ്രസ് വിമര്‍ശിച്ചു. വീഡിയോയിലെ സുരക്ഷാ ഉദ്യോഗസ്ഥനെപ്പോലെ തന്നെ, രാജ്യത്തെ ജനങ്ങളും അവരുടെ വിധിക്ക് വിട്ടുകൊടുക്കപ്പെട്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.