ഒന്നും ചെയ്യില്ല; ഇഡി നോട്ടീസ് സിപിഎമ്മിനെ ഭയപ്പെടുത്താന്‍, അതിനപ്പുറത്തേക്ക് പോകില്ല: വി.ഡി സതീശന്‍

Jaihind News Bureau
Monday, December 1, 2025

 

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡി നോട്ടീസ് സിപിഎമ്മിനെ ഭയപ്പെടുത്താനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നോട്ടീസ് അയച്ചത് മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും ഭയപ്പെടുത്താനാണെന്നും ഇതിനപ്പുറം ഇഡി ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചു ദിവസം മുമ്പ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഒരു നോട്ടീസ് പോയിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ച് യാതൊരു വിവരവും ഇല്ല. സിപിഎമ്മിനെ വിധേയരാക്കി ബിജെപിയെ വിജയിപ്പിക്കാനുള്ള ശ്രമമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ഏറ്റവും കൂടിയ പലിശയ്ക്കാണ് മസാല ബോണ്ട് കടമെടുത്തത്. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് ബോണ്ട് എടുത്തത്. എസ്എന്‍സി ലാവലിനുമായി ബന്ധപ്പെട്ട കമ്പനിയില്‍ നിന്നാണ് ബോണ്ട് എടുത്തതെന്നും എല്ലാം കഴിഞ്ഞ് ലണ്ടനില്‍ പോയി മണിയടിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും എല്ലാം പിആര്‍ സ്റ്റണ്ട് മാത്രമായിരുന്നുവെന്നും വി.ഡി സതീശന്‍ ആരോപിച്ചു.