ശീതകാല സമ്മേളനം:’ഡൽഹി സ്ഫോടനം, SIR പരിഷ്കരണം, ലേബർ കോഡ്’; സഭ പ്രക്ഷുബ്ധമാക്കാൻ പ്രതിപക്ഷം

Jaihind News Bureau
Monday, December 1, 2025

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഈ സമ്മേളനത്തില്‍ ദില്ലി സ്‌ഫോടനം, തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം, വായു മലിനീകരണം, പുതിയ ലേബര്‍ കോഡ് എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന വിഷയങ്ങളില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെടും. സമ്മേളനത്തിന് മുന്നോടിയായി നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ത്തന്നെ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സമ്മേളന കാലയളവില്‍ 13 ബില്ലുകളാണ് സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. കൂടാതെ, വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ഈ സമ്മേളനം, സമീപകാലത്തെ ഏറ്റവും കുറഞ്ഞ ദിവസങ്ങളുള്ള ശീതകാല സമ്മേളനങ്ങളില്‍ ഒന്നാണ്.

എസ്ഐആര്‍ വോട്ടര്‍ പട്ടികയെക്കുറിച്ചുള്ള ചര്‍ച്ച സര്‍ക്കാര്‍ നിരസിച്ചാല്‍ ശൈത്യകാല സമ്മേളനത്തില്‍ ഇരുസഭകളുടെയും പ്രവര്‍ത്തനം ഗുരുതരമായി തടസ്സപ്പെടുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി. ഈ നടപടിക്രമം പക്ഷപാതപരവും വലിയ തോതിലുള്ള വോട്ടര്‍മാരെ ഒഴിവാക്കുന്നതും സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഡല്‍ഹി സ്‌ഫോടനത്തെത്തുടര്‍ന്ന് ദേശീയ സുരക്ഷയെക്കുറിച്ച് അടിയന്തര ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. ജനാധിപത്യം ‘അവസാനിപ്പിക്കാനും’ പാര്‍ലമെന്ററി പാരമ്പര്യങ്ങള്‍ ‘കുഴിച്ചിടാനും’ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു.

യോഗം, ‘വെറും ഔപചാരികത’ മാത്രമായി മാറിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പ്രതിപക്ഷവുമായി കൂടിയാലോചിക്കാതെ മോദി സര്‍ക്കാര്‍ ഏകപക്ഷീയമായി ഹ്രസ്വകാല ചര്‍ച്ചയ്ക്കുള്ള ഒരു വിഷയം പട്ടികപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പാര്‍ലമെന്റിനെ തന്നെ ദുര്‍ബലപ്പെടുത്തുകയാണെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് ആരോപിച്ചു. ‘പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ ഇന്ത്യയുടെ ജനാധിപത്യത്തെയും പാര്‍ലമെന്ററി പാരമ്പര്യങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നുന്നു,’ അദ്ദേഹം പറഞ്ഞു.