
മലപ്പുറത്ത് സിപിഎം രാഷ്ട്രീയ നാടകം തുടരുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം വഴിയില്‍ ഉപേക്ഷിച്ച് സ്വതന്ത്രരെ പിന്തുണക്കുകയാണ്. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ വിവിധ ജില്ലകളില്‍ കഴിഞ്ഞകാലങ്ങളിലെ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പ് ആവര്‍ത്തിക്കുകയാണ് സിപിഎം.
മലപ്പുറത്ത് സ്വതന്ത്രര്‍ക്ക് പിന്നാലെയുള്ള പരീക്ഷണം തദ്ദേശതെരഞ്ഞെടുപ്പിലും സിപിഎം തുടരുകയാണ്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിലും, കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും സിപിഎം സ്വതന്ത്രരെ പരീക്ഷിച്ചിരുന്നു. സ്വതന്ത്രരെ പരീക്ഷിച്ച് സിപിഎമ്മിന്് കനത്ത തിരിച്ചടി മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നുള്ളത് ചരിത്രം. കഴിഞ്ഞതവണ പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം മല്‍സരിപ്പിച്ചതും സ്വതന്ത്രനെ തന്നെ. പക്ഷെ വിജയം യുഡിഎഫിനായിരുന്നു്. ഇത്തവണ പെരിന്തല്‍മണ്ണ നഗരസഭയില്‍ സിപിഎം സ്വതന്ത്രരെ പരീക്ഷിക്കുകയാണ്. 37 സീറ്റില്‍ സിപിഎം 15 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുന്നു എന്നതും കൗതുകകരമാണ്. ആറാം വാര്‍ഡിലാകട്ടെ സിപിഎം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് സ്വതന്ത്രന് പിന്തുണ പ്രഖ്യാപിച്ചു. ‘പാര്‍ട്ടി പ്രവര്‍ത്തകരെ വഴിയിലിടുന്ന രാഷ്ട്രീയമാണിതെന്ന്’ നജീബ് കാന്തപുരം എംഎല്‍എ വിമര്‍ശിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്ന ബ്രാഞ്ച് കമ്മിറ്റിയംഗം എം. ഷാഹുല്‍ ഹമീദാണ് സ്വതന്ത്രനുവേണ്ടി പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം പിന്‍മാറിയത്. സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറായ പ്രവര്‍ത്തകനെ പിന്‍വലിച്ചത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് യുഡിഎഫ് ആരോപിച്ചു.
മുന്‍ നഗരസഭാ കൗണ്‍സിലര്‍ നാലകത്ത് ബഷീറാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. പരിചയസമ്പന്നരായ നേതാക്കളെ മുന്‍നിര്‍ത്തി ഭരണം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ശ്രമം.