
തിരുവനന്തപുരം: കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിച്ച വാര്‍ത്തകള്‍ക്കിടയിലും, പൂട്ടാത്ത ഒരു വീടിനുള്ളില്‍ ദുരിതമനുഭവിച്ച വിളപ്പില്‍ശാലയിലെ 78-കാരനായ അംബുജാക്ഷന്റെ കഥ ഒരു പ്രമുഖ പത്രത്തില്‍ വന്നത് ശ്രദ്ധേയമാകുന്നു. സീനിയര്‍ സൈക്യാട്രിസ്റ്റായ ഡോക്ടര്‍ രവീന്ദ്രന് നായര്‍ ഈ വാര്‍ത്ത വായിച്ചറിഞ്ഞതിനെ തുടര്‍ന്ന് അംബുജാക്ഷന് അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ച് നല്കി. ഈ സംഭവം അധികാര വികേന്ദ്രീകരണത്തിലെ ജനപ്രതിനിധികളുടെ കടമകളെക്കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു.
ദുരിതത്തിലായ അംബുജാക്ഷന്
പഴയൊരു ആനപ്പാപ്പാനായിരുന്ന അംബുജാക്ഷന്, പൂര്‍ത്തിയാകാത്ത നാല് ചുമരുകള്‍ക്കുള്ളില്‍ തോരാമഴയേറ്റ് കഴിയുകയായിരുന്നു. ഭാര്യയും മകനും മരിച്ചുപോയ അദ്ദേഹത്തിന് മറ്റു രണ്ട് ആണ്മക്കളെക്കുറിച്ച് വിവരമില്ല. ഒരു കാലിന് സ്വാധീനം കുറഞ്ഞ അംബുജാക്ഷന് നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.
ലൈഫ് പദ്ധതിയില്‍ വീടിനായി അര്‍ഹത നേടിയെങ്കിലും, വീട്ടുടമസ്ഥന്റെ കാലശേഷം വീട് പഞ്ചായത്തിന് തിരികെ നല്‍കാനുള്ള കരാര്‍ ഒപ്പിടാന്‍ തയ്യാറാകാത്തതിനാല്‍ അര്‍ഹതപ്പെട്ടവരുടെ പട്ടികയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. ഇത് പദ്ധതി നടത്തിപ്പിലെ കടുംപിടിത്തങ്ങളിലേക്ക് വിരല്‍ചൂണ്ടി.

ഡോക്ടറുടെ ഇടപെടല്‍
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍ രവീന്ദ്രന് നായര്‍ ഉടന്‍ തന്നെ ഒരു കോണ്‍ട്രാക്ടറെ ചുമതലപ്പെടുത്തി അംബുജാക്ഷനെ കണ്ടെത്തുകയും, താമസസ്ഥലത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. നിലവിലുണ്ടായിരുന്ന അവസ്ഥ മെച്ചപ്പെടുത്തി, അടുക്കളയും ബാത്ത്റൂമും ഉള്‍പ്പെടെ നിര്‍മ്മിച്ച്, കട്ടിലും കസേരയും ഫാനുമുള്‍പ്പെടെയുള്ള അത്യാവശ്യ സൗകര്യങ്ങളോടുകൂടിയ ഒരു കൊച്ചുവീടാക്കി മാറ്റി നല്കി.

ജനപ്രതിനിധികളും വികസന കാഴ്ചപ്പാടും
ഡോക്ടര്‍ രവീന്ദ്രന് നായര്‍ തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചുകൊണ്ട് പറയുന്നത് ഇതാണ്: ‘അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്നത് കേവലം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങേണ്ടതല്ല. പ്രാദേശിക തലത്തില്‍ അംബുജാക്ഷനെ പോലുള്ളവരെ കണ്ടെത്തി അവരുടെ അടിസ്ഥാന ആവശ്യങ്ങളായ പാര്‍പ്പിടം, ഭക്ഷണം, ആരോഗ്യസംരക്ഷണം എന്നിവ ഉറപ്പാക്കേണ്ടത് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരുടെ ഉത്തരവാദിത്തമാണ്.’
അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ജനപ്രതിനിധികളാണ് കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ നടപ്പിലാക്കേണ്ടത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജാതി, മതം, രാഷ്ട്രീയം എന്നിവ പരിഗണിക്കാതെ, വിദ്യാസമ്പന്നരും ജനങ്ങളുമായി നന്നായി ഇടപെഴകുന്നവരും സ്വന്തം വാര്‍ഡിലെ നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുള്ളവരെ മാത്രം തിരഞ്ഞെടുക്കാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നാല് ലക്ഷം രൂപ പാവപ്പെട്ടവര്‍ക്ക് വീട് വയ്ക്കാന്‍ കൊടുക്കുമ്പോള്‍, അഞ്ച് ലക്ഷം രൂപയ്ക്ക് വിളക്കുമരങ്ങള്‍ സ്ഥാപിക്കുന്നതും ലക്ഷങ്ങള്‍ മുടക്കി പ്രയോജനമില്ലാത്ത ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും സ്കൂളുകള്‍ക്ക് മുന്നിലെ കൂറ്റന്‍ കവാടങ്ങളും നിര്‍മ്മിക്കുന്നതുമായ വികസന രീതികളിലെ അപാകതകളും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.
‘ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മനോഹാരിത വോട്ട് ചെയ്യുന്നവര്‍ യജമാനന്മാരാകുന്നതാണ്. അതില്‍ മാറ്റം വരുത്താന്‍ വിദ്യാഭ്യാസവും വിവേകവും സംസ്കാരവുമുള്ള തലമുറകളെ അധികാരം ഏല്‍പ്പിക്കണം’- ബിജു കാരക്കോണം.