
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു ഗുണനിലവാരം ഗുരുതര വിഭാഗത്തില്‍ തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തലസ്ഥാനത്ത് നിലവിലുള്ളത് ആരോഗ്യ അടിയന്തരാവസ്ഥയാണെന്ന് അദ്ദേഹം ആരോപിച്ചു. മാസങ്ങളായി തുടരുന്ന ഈ വിഷവായു കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും, ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് ആശങ്കാജനകമാണെന്നും രാഹുല്‍ വിമര്‍ശിച്ചു.
വായു മലിനീകരണത്തിന് അടിയന്തരമായി പ്രതിവിധി കാണണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്റ് അടിയന്തരമായി വിളിച്ചുചേര്‍ക്കണം. പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ശനവും സുതാര്യവുമായ കര്‍മ്മപദ്ധതി നടപ്പിലാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശുദ്ധവായു ഓരോ കുട്ടിയുടെയും മൗലിക അവകാശമാണെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു.
ഉത്തരേന്ത്യയില്‍ തുടരുന്ന വായുമലിനീകരണം സംബന്ധിച്ച് താന്‍ അമ്മമാരുമായി നടത്തിയ ചര്‍ച്ചകളുടെ വീഡിയോ രാഹുല്‍ ഗാന്ധി എക്സില്‍ പങ്കുവെച്ചു. ‘എല്ലാ അമ്മമാരും എന്നോട് പറയുന്നത് ഒരേ കാര്യമാണ്. അവരുടെ കുട്ടി വിഷവായു ശ്വസിച്ചുകൊണ്ട് വളരുന്നു. അവര്‍ ക്ഷീണിതരും വൈകല്യവുമുള്ളവരുമാകുന്നു. ഇതിനൊരു പരിഹാരം വേണം,’ രാഹുല്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
ഡല്‍ഹിയിലും പരിസരങ്ങളിലും വായു ഗുണനിലവാര സൂചിക ആഴ്ചകളായി ഗുരുതര വിഭാഗത്തിലാണ്. സ്മിട്ടന്‍ പള്‍സ്എഐ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ഈ പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഡല്‍ഹിയിലെ 80 ശതമാനത്തിലധികം നിവാസികള്‍ക്ക് വായു മലിനീകരണം കാരണം വിട്ടുമാറാത്ത ചുമ, കഠിനമായ ക്ഷീണം, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വായു മലിനീകരണം മൂലമുണ്ടായ രോഗങ്ങള്‍ക്ക് 68.3 ശതമാനം ആളുകള്‍ ചികിത്സ തേടിയിട്ടുണ്ട്. ഈ കണക്കുകള്‍ പുറത്തുവരുന്നതിനിടെയാണ് രാഹുലിന്റെ പ്രതികരണം.