ഡിറ്റ് വാ ചുഴലിക്കാറ്റ്: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; ശ്രീലങ്കയില്‍ മരണം 56 കടന്നു

Jaihind News Bureau
Friday, November 28, 2025

 

ശ്രീലങ്കന്‍ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. ചുഴലിക്കാറ്റ് നവംബര്‍ 30 രാവിലെയോടെ വടക്കന്‍ തമിഴ്‌നാട് പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്റെ ഫലമായി ഇന്നും നാളെയും കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് സംസ്ഥാനത്തെ ചില ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 28 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും നവംബര്‍ 29 ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നീങ്ങുന്നതോടെ കേരളത്തില്‍ മഴയുടെ തീവ്രത കുറയുമെന്നാണ് വിലയിരുത്തല്‍.

ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ കനത്ത നാശനഷ്ടമാണ് വിതച്ചത്. തുടര്‍ച്ചയായ അതിതീവ്ര മഴയില്‍ ശ്രീലങ്കയില്‍ മരണസംഖ്യ 56 കടന്നു. 25 പേരെ കാണാതായി. 25 ജില്ലകളില്‍ ഇരുപതിലും ജനജീവിതം നിശ്ചലമാവുകയും റോഡുകളും പാലങ്ങളും ഒലിച്ചുപോവുകയും ചെയ്തു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്, ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് രക്ഷാദൗത്യത്തില്‍ പങ്കെടുത്തുകൊണ്ട് ശ്രീലങ്കയ്ക്ക് സഹായം നല്‍കുന്നുണ്ട്.

ശ്രീലങ്കയില്‍ നാശം വിതച്ച ഡിറ്റ് വാ, തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസം മഴ കനക്കാന്‍ കാരണമാകും. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ, സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും സംഘങ്ങളെ വിവിധ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്.