സ്വര്‍ണക്കൊളള മറയ്ക്കാന്‍ സര്‍ക്കാര്‍; സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ പ്രമുഖ ചാനലുകളും

Jaihind News Bureau
Friday, November 28, 2025

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ സമാനകളില്ലാത്ത പ്രതിസന്ധിയാണ് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നത്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ശബരിമല സ്വര്‍ണക്കൊള്ള. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരടക്കം ഇതിനോടകം അഴിക്കുള്ളില്‍ ആയിക്കഴിഞ്ഞു. മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ചോദ്യമുനയിലുമാണ്. പൂര്‍ണമായും പ്രതിരോധത്തിലാണ് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും. ഈ ഘട്ടത്തിലാണ് സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ ചില മാധ്യമങ്ങളുടെ നീക്കം.

ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസില്‍ വലിയ പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ ഒരാഴ്ച മുന്‍പ് തന്നെ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. നിലവിലെ തെളിവുകള്‍ വച്ച് രാഹുലിന്റെ അറസ്റ്റിലേക്കു കടക്കാനായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, പൊലീസ് മേധാവി ഇതിനോടു യോജിച്ചില്ലെന്നാണ് വിവരം. എംഎല്‍എ കൂടിയായ വ്യക്തിയെ പരാതി പോലുമില്ലാതെ അറസ്റ്റ് ചെയ്യുന്നത് കോടതിയില്‍ നിന്നു തിരിച്ചടി ലഭിക്കാന്‍ കാരണമാകുമെന്ന് വിലയിരുത്തലുണ്ടായി. തുടര്‍ന്ന് പരാതിക്കാരിയുമായി സംസാരിക്കാന്‍ ഐപിഎസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും സൂചനയുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാന്‍ ചില മാധ്യമങ്ങള്‍ കൂടി പി ആര്‍ വര്‍ക്ക് തുടങ്ങിയതോടെ കഥ മാറി. വന്‍ കുംഭ കോണങ്ങളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മാധ്യമമുതലാളിമാര്‍ തന്നെ നേരിട്ട് തന്നെ രംഗത്തിറങ്ങി. മാധ്യമ റേറ്റിങില്‍ മുന്നിലെത്താന്‍ സിനിമാ സീരിയല്‍ എപ്പിസോഡെന്ന രീതിയില്‍ ഓരോ ദിവസവും ഓരോ ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വിട്ട് സിപിഎമ്മിനെ വല്ലാതെ സഹായിച്ചു. സിപിഎം അത് ഏറ്റെടുക്കുകയും ചെയ്തു. അഴിമതിയില്‍, ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന പിണറായി സര്‍ക്കാരിനെ എങ്ങനെ വെളുപ്പിപ്പിക്കാം എന്നതില്‍ മത്സരിക്കുകയാണ് കേരളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകള്‍.