തായ് പോ തീപിടിത്തം: മരണം 94 ആയി; 200 പേരെക്കുറിച്ച് വിവരമില്ല

Jaihind News Bureau
Friday, November 28, 2025

ഹോങ്കോങ്ങിലെ തായ് പോയിലുള്ള വാങ് ഫുക് കോര്‍ട്ട് കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 94 ആയി ഉയര്‍ന്നു. 100-ല്‍ അധികം പേരെ പൊള്ളലേറ്റ നിലയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്, ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. 200-ല്‍ അധികം പേരെക്കുറിച്ച് ഇപ്പോഴും വിവരം ലഭിച്ചിട്ടില്ല. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും തീ അണഞ്ഞിട്ടില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതിനിടയില്‍, ഒരു കെട്ടിടത്തിന്റെ 16-ാം നിലയില്‍ നിന്ന് ഒരാളെ പരിക്കേല്‍ക്കാതെ ജീവനോടെ രക്ഷിക്കാന്‍ സാധിച്ചു.

കെട്ടിടത്തിന്റെ നവീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന മൂന്ന് പേരെ ഗുരുതരമായ അശ്രദ്ധ ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിവേഗം തീപിടിക്കുന്ന പോളിസ്‌റ്റൈറൈന്‍ ബോര്‍ഡുകളും, ജനലുകളില്‍ സ്ഥാപിച്ചിരുന്ന വലകളും മറ്റും തീ അതിവേഗം ആളിപ്പടരാന്‍ കാരണമായെന്നാണ് പ്രാഥമിക നിഗമനം. എട്ട് ബ്ലോക്കുകളിലായി 32 നിലകളുള്ള കെട്ടിടങ്ങളില്‍, ഏഴ് ബ്ലോക്കുകളിലേക്കാണ് തീ പടര്‍ന്നുപിടിച്ചത്. ഒരു ടവറില്‍ നിന്ന് തീ മറ്റ് ടവറുകളിലേക്ക് അതിവേഗം പടര്‍ന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു.

128 ഫയര്‍ ട്രക്കുകളുടെയും 57 ആംബുലന്‍സുകളുടെയും സഹായത്തോടെ 800-ല്‍ അധികം അഗ്‌നിശമന സേനാംഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് ദുരന്തമുഖത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഈ തീപിടിത്തം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഹോങ്കോങ്ങിലുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് കണക്കാക്കപ്പെടുന്നത്. ഇതിനുമുമ്പ് ഹോങ്കോങ്ങില്‍ 1996-ല്‍ 41 പേരുടെ മരണത്തിനിടയാക്കിയ ഗാര്‍ലി ബില്‍ഡിംഗ് തീപിടിത്തമായിരുന്നു ഏറ്റവും വലിയ ദുരന്തം.