അച്ചടക്കം ഔട്ട്, സംരക്ഷണം ഇന്‍! തിരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധ നീക്കങ്ങള്‍ പാളി സിപിഎം

Jaihind News Bureau
Friday, November 28, 2025

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ ദേവസ്വം മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ ന്യായീകരിച്ച് പ്രചാരണ തന്ത്രങ്ങളൊരുക്കാനുള്ള സി.പി.എം. ശ്രമങ്ങള്‍ പാളിക്കൊണ്ടിരിക്കുകയാണ്. കേസില്‍ നിന്നും ശ്രദ്ധ തിരിക്കാനും പ്രതിരോധിക്കാനുമായി, രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ഉള്‍പ്പെട്ട ലൈംഗികാപവാദ കഥകള്‍ ഉയര്‍ത്തി യു.ഡി.എഫിനെ തിരിച്ചടിക്കാന്‍ പാര്‍ട്ടി ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. എത്ര മറയ്ക്കാന്‍ ശ്രമിച്ചിട്ടും, ശബരിമല അയ്യപ്പന്റെ സ്വര്‍ണ്ണം കട്ട കേസിലെ വിഷയം ഈ തിരഞ്ഞെടുപ്പ് കാലത്തെങ്കിലും വിശ്വാസികളുടെയും സാധാരണക്കാരുടെയും മനസ്സില്‍ നിന്ന് മായുന്നില്ലെന്ന സത്യം പാര്‍ട്ടി നേതൃത്വം തിരിച്ചറിയുന്നുണ്ട്.

പ്രതിച്ഛായ രക്ഷിക്കാനായി പേരിനെങ്കിലും ഒരു അച്ചടക്കനടപടി പത്മകുമാറിനെതിരെ ഉണ്ടാകുമെന്ന് പാര്‍ട്ടിയിലും പുറത്തും പലരും കരുതിയെങ്കിലും അതുണ്ടായില്ല. നേതൃത്വത്തിലെ ഒരു വിഭാഗം ഇക്കാര്യത്തില്‍ പതിവില്ലാത്ത കടുംപിടുത്തത്തിലാണ്. നിലവില്‍, അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍, ഉള്ളിലുള്ള പത്മകുമാര്‍, വാസു എന്നിവരടക്കമുള്ള പ്രതികളെ പ്രകോപിപ്പിക്കാതിരിക്കുക എന്നതാണ് പാര്‍ട്ടിയുടെ തന്ത്രമെന്നാണ് സൂചന.

പോലീസ് നടപടിയുടെ പേരില്‍ മാത്രം അംഗങ്ങള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുന്നത് തെറ്റായ കീഴ്വഴക്കമായി മാറുമെന്ന നിലപാടാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഇത് പത്മകുമാറിനെ സംരക്ഷിക്കാനുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നു.