അതിര്‍ത്തിയിലെ ഡ്രോണ്‍ ഭീഷണി മറികടക്കാന്‍ ‘ഇന്ദ്രജാല്‍ റേഞ്ചര്‍’; തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക ആന്റി-ഡ്രോണ്‍ വാഹനം

Jaihind News Bureau
Thursday, November 27, 2025

അതിര്‍ത്തികളില്‍ ഇന്ത്യന്‍ സേന നേരിടുന്ന വര്‍ധിച്ചുവരുന്ന ഡ്രോണ്‍ ഭീഷണികളെ പ്രതിരോധിക്കാന്‍ ഇന്ത്യ പുതിയൊരു ആയുധം പുറത്തിറക്കി. നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമങ്ങളുടെയും ലഹരി-ആയുധക്കടത്തിന്റെയും പശ്ചാത്തലത്തില്‍, ഹൈദരാബാദ് ആസ്ഥാനമായ ഗ്രീന്‍ റോബോട്ടിക്സ് പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ ആന്റി-ഡ്രോണ്‍ പട്രോള്‍ വാഹനമാണ് ഇന്ദ്രജാല്‍ റേഞ്ചര്‍. ഈ വര്‍ഷം മാത്രം 255 പാകിസ്താന്‍ ഡ്രോണുകളെയാണ് ബി.എസ്.എഫ്. നിര്‍വീര്യമാക്കിയത് എന്ന വസ്തുത, ഇന്ദ്രജാല്‍ റേഞ്ചറിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

ചക്രങ്ങളില്‍ കുതിക്കുന്ന ഒരു സഞ്ചരിക്കുന്ന പ്രതിരോധക്കോട്ടയാണ് ഇന്ദ്രജാല്‍ റേഞ്ചര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ യുദ്ധോപകരണം അതിര്‍ത്തികളില്‍ നിരന്തരമായി പട്രോളിംഗ് നടത്താന്‍ രൂപകല്‍പ്പന ചെയ്തതാണ്. ഗ്രീന്‍ റോബോട്ടിക്സിന്റെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ‘സ്‌കൈ-ഒഎസ്’ ആണ് ഇതിന്റെ തലച്ചോറ്. ഈ എ.ഐ. സംവിധാനത്തിന് മനുഷ്യന്റെ ഇടപെടലില്ലാതെ തന്നെ ഡ്രോണുകളെ തിരിച്ചറിയാനും, ട്രാക്ക് ചെയ്യാനും, നശിപ്പിക്കാനും മിന്നല്‍ വേഗത്തില്‍ തീരുമാനമെടുക്കാനും കഴിയും. റഡാറുകളെ വെട്ടിച്ച് പറക്കുന്ന ചെറുതും വലുതുമായ ഡ്രോണുകളെ 4 കിലോമീറ്റര്‍ ചുറ്റളവില്‍ കൃത്യമായി കണ്ടെത്താന്‍ ഇന്ദ്രജാലിന് സാധിക്കും.

ശത്രു ഡ്രോണുകളെ നിര്‍വീര്യമാക്കാന്‍ ഇന്ദ്രജാല്‍ റേഞ്ചര്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നു. ഡ്രോണിന്റെ റേഡിയോ ഫ്രീക്വന്‍സി സിഗ്‌നലുകള്‍ തടസ്സപ്പെടുത്തി അതിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടുത്തും. കൂടാതെ, ഡ്രോണിന് ലഭിക്കുന്ന ജി.പി.എസ്. സിഗ്‌നലുകളില്‍ കൃത്രിമം കാണിച്ച് അതിനെ ദിശ തെറ്റിച്ച് വഴിയില്‍ ഉപേക്ഷിക്കാനും കഴിവുണ്ട്. ഏറ്റവും അപകടകാരികളായ ഡ്രോണുകളെ, കൃത്യമായി വെടിയുതിര്‍ത്ത് നിലംപരിശാക്കാനുള്ള സംവിധാനവും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

സൈന്യത്തിന്റെ റോഡ് യാത്രകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, രാഷ്ട്ര നേതാക്കളുടെയും പ്രമുഖ വ്യക്തികളുടെയും സുരക്ഷയ്ക്ക് ഇന്ദ്രജാല്‍ റേഞ്ചര്‍ ഒരു അദൃശ്യ കവചം തീര്‍ക്കും. സ്റ്റേഡിയങ്ങളിലും റാലികളിലുമുള്‍പ്പെടെ പൊതു ഇടങ്ങളില്‍ ഡ്രോണുകള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുക്കാന്‍ ഇത് ഒഴിച്ചുകൂടാനാവാത്തതാണ്. ഇന്ത്യന്‍ സൈന്യത്തിന് മാത്രമല്ല, മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും ഇത് വലിയ മുതല്‍ക്കൂട്ടാകും. ഗ്രീന്‍ റോബോട്ടിക്സിലൂടെ ഈ മണ്ണില്‍ നിന്ന് ഉയര്‍ന്നു വന്ന ആത്മനിര്‍ഭര്‍ ഭാരതിന്റെ കരുത്തിന്റെ പ്രതീകമാണ് ഇന്ദ്രജാല്‍ റേഞ്ചര്‍.