
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ ‘വൈറ്റ് കോളര്‍ ഭീകരസംഘ’ത്തിലെ ഡോക്ടര്‍മാരായ ഷഹീനും മുസമ്മിലും ദമ്പതികളാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. ഷഹീന്‍ തന്റെ കാമുകിയല്ല, ഭാര്യയാണെന്നും 2023-ല്‍ അല്‍ ഫലാഹ് സര്‍വകലാശാലക്ക് സമീപമുള്ള മസ്ജിദില്‍ വെച്ച് മതാചാരപ്രകാരം വിവാഹിതരായതാണെന്നും മുസമ്മില്‍ മൊഴി നല്‍കി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്തല്‍ അടക്കമുള്ള ‘ലക്ഷ്യത്തിലേക്ക് ഒരുമിച്ച് നീങ്ങാനുള്ള’ തീരുമാനത്തിന്റെ ഭാഗമായാണ് ഇവര്‍ വിവാഹം കഴിച്ചതെന്നും മൊഴിയില്‍ പറയുന്നു.
അതേസമയം, കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതിയായ ഫരീദാബാദ് സ്വദേശി ഉമര്‍ നബിക്ക് ഒളിവില്‍ പോകാന്‍ സഹായം നല്‍കിയതിന് ഏഴാം പ്രതിയായ സോയാബും അറസ്റ്റിലായി. സോയാബ് അല്‍ ഫലാഹ് സര്‍വകലാശാല ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. ഇയാള്‍ക്ക് ജോലി നേടാന്‍ സഹായിച്ചത് മുഖ്യപ്രതി മുസമ്മിലാണെന്നും എന്‍.ഐ.എ. വ്യക്തമാക്കുന്നു. സ്‌ഫോടനത്തിന് പത്ത് ദിവസം മുന്‍പ് വരെ ഉമര്‍ നബി താമസിച്ചിരുന്നത് സോയാബ് ഏര്‍പ്പാടാക്കി നല്‍കിയ മുറിയിലായിരുന്നു. സോയാബിന്റെ സഹോദരി ഭര്‍ത്താവുമായി ബന്ധപ്പെട്ട കെട്ടിടമാണിത്.
കൂടാതെ, സ്‌ഫോടനത്തിനായി ഉപയോഗിച്ച ഐ-20 കാര്‍ ക്യാമ്പസിന് പുറത്തെത്തിച്ച് നല്‍കിയതും സോയാബാണ്. ഭീകരസംഘത്തിന് സഹായം നല്‍കുന്നതില്‍ നിര്‍ണ്ണായകമായ എല്ലാ പ്രവര്‍ത്തനങ്ങളും ഇയാള്‍ ചെയ്തതായും എന്‍.ഐ.എ. പറയുന്നു. പ്രാദേശികമായി അറസ്റ്റിലായ ഏക പ്രതിയാണ് സോയാബ്.