
പരീക്ഷ നടത്തിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച. നാലു വര്‍ഷ സൈക്കോളജി ബിരുദ കോഴ്‌സിലെ ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക്, കഴിഞ്ഞ വര്‍ഷത്തെ അതേ ചോദ്യം വള്ളി പുള്ളി തെറ്റാതെ ആവര്‍ത്തിച്ചു. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കാനാണ് സര്‍വകലാശാലയുടെ ആലോചന.
പഠിച്ചു പരീക്ഷയെഴുതിയ വിദ്യാര്‍ഥികളാണ് വലഞ്ഞത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ സൈക്കോളജി നാലുവര്‍ഷ ബിരുദ കോഴ്‌സ് ആരംഭിച്ചത് കഴിഞ്ഞവര്‍ഷമാണ്. ഒന്നാം സെമസ്റ്ററിലെ ദ് ആര്‍ട്ട് ഓഫ് സ്ട്രസ് മാനേജ്‌മെന്റ് കോഴ്‌സില്‍ കഴിഞ്ഞദിവസം പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത് കഴിഞ്ഞ വര്‍ഷത്തെ അതേ ചോദ്യപേപ്പര്‍. ക്രമ നമ്പറോ ചോദ്യങ്ങളോ മാറ്റമില്ല. 2024 എന്നത് 2025 എന്നായത് മാത്രമാണ് മാറ്റം. പുറത്ത് നിന്നുള്ള അധ്യാപകരെയാണ് സര്‍വ്വകലാശാല ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ നിയോഗിക്കുന്നത്.
പരീക്ഷയുടെ രഹസ്യാത്മകത ഉറപ്പുവരുത്താന്‍, ഇവര്‍ തയാറാക്കുന്ന ചോദ്യങ്ങള്‍ കവര്‍ പൊട്ടിക്കാതെ അതേപടി പ്രിന്റിങ് പ്രെസ്സിലേക്ക് അയക്കുന്നതാണ് രീതി. പരീക്ഷ ഹാളില്‍ ചോദ്യ പേപ്പര്‍ വിതരണം ചെയ്ത് കഴിഞ്ഞപ്പോളാണ് വീഴ്ച ശ്രദ്ധയില്‍പ്പെട്ടത്. മുന്‍പ് സമാന പിഴവുണ്ടായപ്പോള്‍, പരീക്ഷ റദ്ദാക്കിയതാണ് കീഴ്‌വഴക്കം. ചോദ്യ പേപ്പര്‍ തയാറാക്കുന്നതില്‍ അലംഭാവം കാണിച്ച വിഷയ വിദഗ്ധനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യും. സര്‍വകലാശാലയുട അലംഭാവത്തില്‍ ബുദ്ധിമുട്ടിലായത് വിദ്യാര്‍ഥികളാണ്.