
നിലമ്പൂര്‍: മലപ്പുറം നിലമ്പൂരിനടുത്ത് കാട്ടാനയുടെ ആക്രമണത്തില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ചാലിയാര്‍ മൂലപ്പാടത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിയായ ചാരു ഒവറോണ്‍ ആണ് മരിച്ചത്. ഇതോടെ ഈ വര്‍ഷം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 26 ആയി ഉയര്‍ന്നു.
റബര്‍ ടാപ്പിങ്ങിന് ശേഷം താമസ സ്ഥലമായ അരയാട് എസ്റ്റേറ്റിലേക്ക് മടങ്ങുന്നതിനിടെയാണ് ചാരു ഒവറോണിന് കാട്ടാനയുടെ ആക്രമണം നേരിട്ടത്. റബര്‍ മരങ്ങള്‍ക്കിടയില്‍ നില്‍ക്കുകയായിരുന്ന കാട്ടാന പെട്ടെന്ന് തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും, ചാരു ഓവറോണ്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാട്ടാന പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ചാരു ഒവറോണ്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പുലര്‍ച്ചെ ജനവാസ മേഖലയില്‍ എത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചതായും പ്രദേശവാസികള്‍ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.