
കൊച്ചി: മുനമ്പത്തെ ഭൂമിയുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതി നടത്തിവന്ന 411 ദിവസത്തെ ചരിത്രപരമായ സമരം അവസാനിക്കുന്നു. മുനമ്പം നിവാസികളില്‍ നിന്ന് നികുതി താല്‍ക്കാലികമായി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നിര്‍ണ്ണായക നീക്കം. മൂന്ന് വര്‍ഷമായി തടസ്സപ്പെട്ടുകിടന്ന ഭൂനികുതി അടയ്ക്കുന്നതിനുള്ള അവകാശം ഇന്നലെ മുതല്‍ മുനമ്പത്തുകാര്‍ക്ക് തിരികെ ലഭിച്ചുതുടങ്ങി. നികുതി സ്വീകരിക്കുന്നത് അന്തിമ വിധി വരുന്നതുവരെ തുടരാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പള്ളിയങ്കണത്തില്‍ ഉയര്‍ന്ന സമരപ്പന്തലില്‍ നിന്ന് പാര്‍ലമെന്റില്‍ വഖഫ് നിയമ ഭേദഗതി ചര്‍ച്ചകള്‍ക്ക് വരെ വഴി തുറന്ന ഈ പോരാട്ടത്തിന് ആശ്വാസമേകിയാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നത്. മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ലെന്ന് ജസ്റ്റിസ് സി. ജയചന്ദ്രന് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ ഉത്തരവ് 615 കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശത്തിനെതിരെ വഖഫ് സംരക്ഷണ സമിതി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
മുനമ്പത്തെ ഭൂവിഷയത്തില്‍ യു.ഡി.എഫ്. നിലപാട് ശരിയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. മതസ്പര്‍ദ്ധ വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സംഘപരിവാര്‍ ശ്രമം നടത്തിയെന്നും പിണറായി സര്‍ക്കാര്‍ അതിന് കുട പിടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാവങ്ങളുടെ അവകാശം പാര്‍ട്ടി സംരക്ഷിക്കുമെന്നും മുനമ്പം നിവാസികളുടെ അവകാശങ്ങള്‍ ബലികഴിക്കില്ലെന്നും ഉറപ്പുനല്‍കി.
സമരം ഔദ്യോഗികമായി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച എറണാകുളത്ത് രാഷ്ട്രീയ സാമുദായിക സംഘടനകളുടെ യോഗം ചേരും. ഈ യോഗത്തിന് ശേഷം ഞായറാഴ്ച സമരം അവസാനിപ്പിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഭൂസംരക്ഷണ സമിതിയുടെ കോര്‍ കമ്മിറ്റി അറിയിച്ചിരിക്കുന്നത്. തല്ക്കാലം കേസ് മൂന്നാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.