ക്രിക്കറ്റ് ആരവം വീണ്ടും; കാര്യവട്ടത്ത് ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പോരാട്ടം

Jaihind News Bureau
Thursday, November 27, 2025

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകുന്നു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ശ്രീലങ്കക്കെതിരെ മൂന്ന് ടി20 മത്സരങ്ങള്‍ കളിക്കും. ഡിസംബര്‍ 26, 28, 30 തീയതികളിലാണ് മത്സരങ്ങള്‍ നടക്കുക. വനിതാ ഏകദിന ലോകകപ്പ് നേടിയ ശേഷമുള്ള ടീമിന്റെ ആദ്യ പരമ്പരയാണിത്.

ലോകകപ്പ് കിരീടം ചൂടിയതിന് ശേഷം ഇന്ത്യന്‍ വനിതാ ടീം കളിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര പരമ്പരയാണിത്. ഡിസംബറില്‍ ശ്രീലങ്കയ്ക്കെതിരെ മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ വനിതകള്‍ തലസ്ഥാനത്തേക്ക് പറന്നിറങ്ങും.ആകെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്ത് നടക്കും. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

നേരത്തെ ഐ.സി.സി. വനിതാ ഏകദിന ലോകകപ്പിനായി കാര്യവട്ടം സ്റ്റേഡിയത്തെ പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ആ അവസരം മുംബൈയിലേക്ക് മാറുകയായിരുന്നു. വലിയൊരു ടൂര്‍ണമെന്റ് നഷ്ടമായതിലുള്ള ആരാധകരുടെ നിരാശയ്ക്ക് ഇതോടെ അറുതിയാവുകയാണ്. അതേ സമയം അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ.സി.സി വനിതാ ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ വനിതാ ടീമിന് ഈ പരമ്പര നിര്‍ണായകമായ ഒരുക്കമായിരിക്കും.