
ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഒ.ബി.സി. വോട്ടുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ജോലി നഷ്ടപ്പെടുത്തുമെന്ന് ബി.എല്‍.ഒമാരെ ഭീഷണിപ്പെടുത്തുന്നതാണ് ആത്മഹത്യക്ക് കാരണമെന്ന് രാഹുല്‍ ആരോപിച്ചു. സമ്മര്‍ദം താങ്ങാനാവാതെയാണ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കുന്നതെന്നും, എസ്.ഐ.ആറിന്റെ പേരില്‍ ദലിത്, പിന്നാക്ക, ദരിദ്ര വോട്ടര്‍മാരെ ഒഴിവാക്കി ബി.ജെ.പി. സ്വന്തം വോട്ടര്‍ പട്ടിക തയ്യാറാക്കുകയാണെന്നും അദ്ദേഹം ‘എക്സി’ല്‍ കുറിച്ചു. ഈ ‘ജനാധിപത്യത്തിന്റെ കൊലപാതകത്തിന്’ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
അതിനിടെ, എസ്.ഐ.ആര്‍. നടപടിക്കെതിരെ ആര്‍.എസ്.എസ്. അനുകൂല സംഘടനയായ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘവും രംഗത്തെത്തി. ഡ്യൂട്ടിക്കിടെ മരിച്ച ബി.എല്‍.ഒമാരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും, ഉദ്യോഗസ്ഥര്‍ കടുത്ത ജോലി സമ്മര്‍ദത്തിലാണെന്നും ശൈക്ഷിക് മഹാസംഘ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.