ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവം: ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

Jaihind News Bureau
Thursday, November 27, 2025

തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ പോലീസ് കേസെടുത്തു. മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാട്ടുമല സ്വദേശിയായ ഭർത്താവ് ഷാരോണിനും അദ്ദേഹത്തിന്റെ അമ്മ രജനിക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്. ആറുമാസം മുമ്പ് പ്രണയ വിവാഹിതരായ ഇവർക്ക് ഇടയിൽ വഴക്കുകൾ പതിവായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.

ഷാരോൺ അർച്ചനയെ നിരന്തരം മർദിച്ചിരുന്നതായി യുവതിയുടെ വീട്ടുകാർ ആരോപിക്കുന്നു. അർച്ചന പഠിച്ചിരുന്ന കോളേജിന്റെ മുൻവശത്തുവെച്ച് ഷാരോൺ മർദിക്കുന്നത് കോളേജിലെ സുരക്ഷാ ജീവനക്കാർ കണ്ടതിനെത്തുടർന്ന് അർച്ചനയുടെ വീട്ടുകാരെ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കൂടാതെ, സ്വന്തം വീട്ടുകാരുമായി സംസാരിക്കാൻ പോലും ഷാരോൺ അർച്ചനയെ അനുവദിച്ചിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

ഗർഭിണിയായിരുന്ന അർച്ചന കഴിഞ്ഞ ദിവസമാണ് ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ചത്. വീടിന് പിന്നിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ ഷാരോൺ പോലീസ് കസ്റ്റഡിയിലാണ്. ബന്ധുക്കളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്. ഫോറൻസിക് വിദഗ്ധരെത്തി പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.